print edition സ്വർണച്ചാട്ടത്തിന് ആൻസി


ജിജോ ജോർജ്
Published on Sep 10, 2026, 01:42 AM | 1 min read
ലോങ്‌ജന്പിൽ ദേശീയ റെക്കോഡോടെ ഏഷ്യൻ ഗെയിംസിന് യോഗ്യത. അഞ്‌ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ചാണ് തൃശൂർ തൃപ്രയാർ സ്വദേശിയായ ആൻസി സോജൻ ജപ്പാനിലേക്ക് പറക്കുന്നത്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥയായ ആൻസി ഏഷ്യൻ ഗെയിംസിന് പുറപ്പെടും മുന്പ് സംസാരിക്കുന്നു.
മെഡൽ പ്രതീക്ഷ?
സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2022ൽ ചൈന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയായിരുന്നു (6.63മീറ്റർ). ഇത്തവണ നന്നായി ചാടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒരുക്കം എങ്ങനെ?
മുംബൈയിൽ റിലയൻസ് ജിയോ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അനൂപ് ജോസഫ് സാറിന് കീഴിൽ നേരത്തെ തന്നെ കഠിന പരിശീലനം തുടങ്ങി. 2025ൽ മികച്ച പ്രകടനം സാധ്യമായില്ല. അതിനാൽ പോരായ്‌മകളെല്ലാം പരിഹരിച്ചായിരുന്നു തയ്യാറെടുപ്പ്. 6.80 മീറ്റർ കടക്കണമെന്ന് ഉറപ്പിച്ചിരുന്നു. കോമൺവെത്ത് ഗെയിംസിന് 6.84മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. റാഞ്ചി ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ ഇൗ ദൂരം മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 6.75 മീറ്ററാണ് ചാടിയത്. അത് പേഴ്‌സണൽ ബെസ്‌റ്റായിരുന്നു. കോമൺവെത്ത് ഗെയിംസിന് യോഗ്യത നേടാൻ കഴിയാത്തത് നിരാശയുണ്ടാക്കി. ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ 6.88 മീറ്ററോടെ ദേശീയ റെക്കോഡ് സ്ഥാപിക്കാനായി.
വെല്ലുവിളികൾ?
നിലവിൽ ഏഷ്യൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ലോക റാങ്കിൽ ഏഴാമതുമാണ്. എങ്കിലും കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കുന്നു. ചൈനയിൽ നിന്നുള്ള രണ്ട് താരങ്ങളാണ് പ്രധാന വെല്ലുവിളി. ഒപ്പം ജപ്പാനിലെ കാലവസ്ഥയുമായും പൊരുത്തപ്പെടണം. 26ന് പ്രാഥമിക റൗണ്ടും 27ന് ഫൈനലുമാണ്.








0 comments