print edition ഗ്ലാസ്‌ഗോ ഉണർന്നു

കോമൺവെൽത്ത് ഗെയിംസ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയുമേന്തി മീരാഭായ് ചാനുവും ലവ്ലിന് ബൊർഗോഹെയ്നും
ഗ്ലാസ്‌ഗോ (സ്‌കോട്ട്‌ലൻഡ്) : തണുപ്പിലും ഗ്ലാസ്‌ഗോയിലെ കളത്തിന് ചൂടുപിടിച്ചു. കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന കോമൺവെൽത്ത് ഗെയിംസിന്റെ 23–ാം പതിപ്പിന് സ്‌കോട്ട്‌ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ തുടക്കം. ‘ഹൈഡ്രോ’ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നലെ പുലരുംവരെ ഉദ്‌ഘാടനച്ചടങ്ങുകൾ നീണ്ടു. തുടർന്ന് കളിക്കളങ്ങൾ സജീവമായി.
രണ്ടാം ദിവസം 14 മെഡൽ ഇനങ്ങളിൽ മത്സരം നടന്നു. നീന്തലിൽ ഒമ്പതും പാരാ പവർലിഫ്‌റ്റിങ്ങിൽ നാലും മെഡൽ നിശ്‌ചയിച്ചു. 3x3 ബാസ്‌കറ്റ്‌ബോൾ, ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ്, ബോൾസ്, ബോക്‌സിങ് എന്നീ ഇനങ്ങളിലും മത്സരം നടന്നു. ഇംഗ്ലണ്ടും നൈജീരിയയും ഓരോ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. നെറ്റ്‌ബോൾ മത്സരങ്ങൾ ഇന്ന് തുടങ്ങും. നീന്തലിൽ എട്ടും സ്വർണം നിശ്‌ചയിക്കും. ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സിൽ ഒന്നും.
വർണാഭമായ മാർച്ച് പാസ്‌റ്റ് ഗെയിംസിന്റെ തുടക്കത്തിന് മാറ്റുകൂട്ടി. ഇന്ത്യയടക്കം 74 രാജ്യങ്ങളിലെ മൂവായിരത്തോളം അത്‌ലീറ്റുകൾ അണിനിരന്നു. സംഗീതവും നൃത്തച്ചുവടുകളും നിറഞ്ഞ രാത്രിയിൽ ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്‌സർ ലവ്‌ലിന ബൊർഗോഹെയ്‌നും ഇന്ത്യൻ പതാകയേന്തി. ആഗസ്‌ത് രണ്ടുവരെയാണ് ഗെയിംസ്.










0 comments