ad
Deshabhimani

ആവശ്യങ്ങൾ അംഗീകരിച്ചു

കുസാറ്റിൽ എസ്എഫ്ഐയുടെ സമരവിജയം

SFI

എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുസാറ്റ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിന് മുകളിൽ കയറി വിദ്യാർഥികൾ ബാനറുയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 02:32 AM | 1 min read

കളമശേരി


കുസാറ്റ് വൈസ് ചാൻസലർ ഏകപക്ഷീയമായി നടത്തിയ അന്യായമായ ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ 18 ദിവസമായി നടത്തിയ അനിശ്ചിതകാലസമരം പിൻവലിച്ചു. എസ്‌എഫ്‌ഐ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെത്തുടർന്നാണ്‌ സമരം പിൻവലിച്ചത്‌.


കുസാറ്റ് ആസ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ നടത്തിയ മാർച്ചിനെത്തുടർന്ന് അധികൃതർ ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു. 200 ശതമാനംവരെ വർധിപ്പിച്ച ഫീസുകൾ കുറയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അഡ്‌മിഷൻ, പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഫീസ് കുറച്ച് 20 ശതമാനമായി ഏകീകരിക്കും. ഹോസ്‌റ്റൽ അലോട്ട്മെന്റ്‌ കഴിയുന്നമുറയ്ക്ക് ഹോസ്റ്റൽ അലോട്ട്മെന്റിലെ അപാകം പരിഹരിക്കും. ഗവേഷകരുടെ ഹോസ്‌റ്റൽ കർഫ്യൂ സമയം ഒഴിവാക്കും. നിലവിലെ ഗവേഷകരെ ബാധിക്കുന്ന ഫീസ്‌വർധനയും പുതിയ ഗവേഷകരുടെ വാർഷിക ഫീസും ഒറ്റത്തവണയായി ഏകീകരിക്കും. ഡിപ്പാർട്ടുമെന്റുകളിലും ഹോസ്‌റ്റലുകളിലും അടിസ്ഥാനസൗകര്യം വർധിപ്പിക്കും.


എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ യദു കൃഷ്ണൻ, സെക്രട്ടറി ആഷിഷ് ആനന്ദ്, ജോയിന്റ്‌ സെക്രട്ടറി മെബിൻ ജോസ്, സർവകലാശാല യൂണിയൻ ചെയർപേഴ്സൻ ജെ ബി ഋതുപർണ, യൂണിറ്റ് പ്രസിഡന്റ്‌ എം എ അനസ്, സെക്രട്ടറി ധ്യാൻ കൃഷ്ണ എന്നിവരും രജിസ്ട്രാർ ഡോ. എ യു അരുൺ, ഫിനാൻസ് ഓഫീസർ പി ജി ഗിരീഷ്, ജോയിന്റ്‌ രജിസ്ട്രാർ ഹരിലാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുസാറ്റ് ആസ്ഥാനത്തേക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. സമരം ജില്ലാ സെക്രട്ടറി ആഷിഷ് ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ യദു കൃഷ്ണ, ജെ ബി ഋതുപർണ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥി മാർച്ചിനെ ഇരട്ട ബാരിക്കേഡ് തീർത്ത് വൻ പൊലീസ് സംഘം കവാടത്തിൽ തടഞ്ഞു. ബാരിക്കേഡിൽ കയറി വിദ്യാർഥികൾ പതാകയും സമര ബാനറുമുയർത്തി. ജലപീരങ്കി ഉപയോഗിച്ചെങ്കിലും വിദ്യാർഥികളെ പിന്തിരിപ്പിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home