ad
Deshabhimani

എം കെ നാസർ ഇനി ഓർമകളിൽ കണ്ണൂരിന്റെ കായിക മേൽവിലാസം

കണ്ണൂരിലെത്തിയ അർജന്റീനൻ ഫുട്‌ബോൾ താരം മറഡോണക്ക്‌ 
എം കെ നാസർ ഉപഹാരം നൽകുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 02:54 AM | 1 min read


കണ്ണൂർ

കണ്ണൂരിലെ കായികലോകത്തിന്റെ മേൽവിലാസമായിരുന്നു എം കെ നാസർ. അത്‌ലറ്റും കളിക്കാരനും ഫുട്‌ബോൾ സംഘാടകനും സ്‌പോൺസറും ഒഫീഷ്യലും സാരഥിയുമായി എല്ലായിടത്തും നിറഞ്ഞുനിന്ന കായികസ്‌നേഹി. കണ്ണൂരിലെ കായികവേദികളുടെ ചിത്രം ഇനി എം കെ നാസറെന്ന ആദ്യാവസാനക്കാരനില്ലാതെ അപൂർണമാകും. കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിൽ വിദ്യാർഥിയായിരിക്കെയാണ്‌ കായികലോകത്ത്‌ എം കെ നാസർ എന്നപേര്‌ മുദ്രചാർത്തപ്പെട്ടത്‌. കണ്ണൂർ സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിൽ ചേർന്ന നാസർ ഇരട്ട സഹോദരനായ നിസാറിനൊപ്പം മുനിസിപ്പൽ സ്‌കൂളിലെത്തിയത്‌ കളിക്കളങ്ങളോടുള്ള ഇഷ്ടത്താലായിരുന്നു. പി ടി ഉഷയും എം ഡി വത്സമ്മയും അക്കാലത്ത്‌ ഇവിടത്തെ വിദ്യാർഥികളായിരുന്നു. നൂറ്‌ മീറ്ററിൽ സംസ്ഥാന സ്‌കൂൾ കായികമേളയിലെ വേഗമേറിയ ഓട്ടക്കാരനായി നാസർ കണ്ണൂരിന്റെ കരുത്തായി കളം നിറഞ്ഞു. സ്‌കൂൾ പഠനകാലത്ത്‌ എസ്‌എഫ്‌ഐയിലും സജീവമായി. വ്യാപാരമേഖലയിൽ സജീവമായപ്പോഴും കളിക്കളങ്ങളെ നാസർ ഉപേക്ഷിച്ചതേയില്ല. കണ്ണൂർ സ്‌പോർടിങ് ക്ലബ്ബായിരുന്നു പ്രധാന തട്ടകം. ക്ലബ്ബിന്റെ സ്ഥാപകനായിരുന്ന നാസർ നിരവധി താരങ്ങളെ വളർത്തിയെടുത്തു. സംഘാടനത്തിനപ്പുറം സാന്പത്തിക സ്രോതസായും സ്‌പോർടിങ്ങിന്റെ എല്ലാമായി. ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌, സ്‌പോർട്‌സ്‌ ക‍ൗൺസിൽ സംസ്ഥാന നിർവാഹകസമിതിഅംഗം, കേരള ഫുട്‌ബോൾ അസോസിയേഷൻ സെൻട്രൽ ക‍ൗൺസിൽ അംഗം തുടങ്ങി ദീർഘകാലം നിരവധി കായിക സംഘടനകളുടെ ചുമതലക്കാരനായി. കണ്ണൂരിന്റെ ഫുട്‌ബോൾ ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ചാലക ശക്തികളിലൊരാൾ നാസറായിരുന്നു. സാമൂഹ്യരാഷ്‌ട്രീയ ഭരണരംഗങ്ങളിലെ ഉന്നതരുമായി എക്കാലവും ഹൃദയബന്ധം സൂക്ഷിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തോട്‌ എക്കാലവും ഇളക്കമില്ലാത്ത ആത്മബന്ധം സൂക്ഷിച്ചു. അർബുദത്തിന്റെ മൂന്നാംവരവിലാണ്‌ നാസർ മരണത്തിന്‌ ക‍ീഴടങ്ങിയത്‌. ചികിത്സയ്‌-ക്കിടയിലും രോഗത്തിന്റെ അവശതകൾ വകവയ്‌ക്കാതെ കായികസംഘാടനത്തിൽ സജീവമായി. ആയിരക്കണക്കിനാളുകളാണ്‌ നാസറിന്‌ അന്തിമോപചാരമർപ്പിക്കാൻ കണ്ണൂരിലെത്തിയത്‌. പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ എം നേതാക്കളായ ഇ പി ജയരാജൻ, എം വി ജയരാജൻ, പി ശശി, കെ വി സുമേഷ്‌ എംഎൽഎ, മേയർ പി ഇന്ദിര തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home