തദ്ദേശ സ്ഥാപനങ്ങളുടെ 515 കോടി രൂപ വെട്ടി
ആഗസ്‌ത് ഒന്നിനും മൂന്നിനും എൽഡിഎഫ് മാർച്ച്

കണ്ണൂർ
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വൻതോതിൽ വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ആഗസ്‌ത് ഒന്നിനും മൂന്നിനും തദ്ദേശസ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്താൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞ പിണറായി സർക്കാർ അവതരിപ്പിച്ച അവസാനത്തെ ബജറ്റിൽ 692 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ 177 കോടിയാക്കി വെട്ടിച്ചുരുക്കി. 515 കോടി രൂപയാണ് നിർദാക്ഷിണ്യം വെട്ടി മാറ്റിയത്. ഇതിന്റെ ഫലമായി തദ്ദേശസ്ഥാപനങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ലൈഫ് ഭവന പദ്ധതി, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവക്കുള്ള തുക കൂടി മാറ്റിവച്ചാൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനെതിരായ പ്രക്ഷോഭത്തിൽ മുഴുവൻ ബഹുജനങ്ങളും അണിനിരക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റിയോഗം അഭ്യർഥിച്ചു. സി പി സന്തോഷ് കുമാർ അധ്യക്ഷനായി. കെ കെ രാഗേഷ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജോയ് കൊന്നക്കൽ, പി എസ് ജോസഫ്, കെ പി മോഹനൻ, വി കെ ഗിരിജൻ, കെ പി പ്രശാന്തൻ, അജയൻ പായം, പി കെ രവീന്ദ്രൻ, എം ഉണ്ണികൃഷ്‌ണൻ, കെ മനോജ്, ബാബുരാജ് ഉളിക്കൽ, ഡി മുനീർ, കെ സി ജേക്കബ്, കെ പി അനിൽകുമാർ, എസ് എം കെ മുഹമ്മദലി, ബേബി സുരേഷ്, രതീഷ് ചിറക്കൽ, സി വൽസൻ എന്നിവർ സംസാരിച്ചു. കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments