സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗം ഹെന്നി ബേബി അന്തരിച്ചു

കളമശേരി
സിപിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന തേവയ്ക്കൽ പുളിക്കൽ വീട്ടിൽ ഹെന്നി ബേബി (55) അന്തരിച്ചു. ശനി രാവിലെ എട്ടുമുതൽ കങ്ങരപ്പടി മിനിടൗൺഹാളിൽ പൊതുദർശനത്തിനുശേഷം സംസ്കാരം പകൽ 11ന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും.
മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കളമശേരി നഗരസഭാ പ്രതിപക്ഷ നേതാവ്, ക്ഷേമകാര്യം സ്ഥിരസമിതി അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995ൽ കളമശേരി നഗരസഭാ കൗൺസിലറായി. ഒറ്റത്തവണപോലും തോൽക്കാതെ തുടർച്ചയായി 30 വർഷം കൗൺസിലറായിരുന്നു.
ജനകീയപ്രശ്നങ്ങൾ പഠിച്ച് ഇടപെടുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും പ്രത്യേക കഴിവ് പ്രകടിപ്പിച്ചു. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് യുഡിഎഫ് നേതൃത്വത്തിലുള്ള കളമശേരി നഗരസഭ വീട് നിഷേധിച്ചതിനെതിരെ നടന്ന കുടിൽകെട്ടി സമരത്തിന് പ്രതിപക്ഷ നേതാവെന്നനിലയിൽ നേതൃത്വം നൽകി.
പന്ത്രണ്ടുവർഷം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. വൃക്കരോഗത്തെ തുടർന്ന് ആരോഗ്യാവസ്ഥ മോശമായിട്ടും പൊതുരംഗത്ത് സജീവമായിരുന്നു.
ഭർത്താവ്: സിപിഐ എം കളമശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ ബേബി. മകൾ: ഹെബീന ബേബി (വിദ്യാർഥി).
ഹെന്നി ബേബിയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ അനുശോചിച്ചു. ജനപ്രതിനിധി, മഹിളാ അസോസിയേഷൻ നേതാവ് എന്നീ നിലകളിൽ ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപ്പെട്ട വ്യക്തിത്വമായിരുന്നു ഹെന്നി ബേബിയെന്ന് പിണറായി വിജയൻ പറഞ്ഞു.
രോഗങ്ങളോടുകൂടി പൊരുതിയാണ് ഹെന്നി ബേബി പാര്‍ടി പ്രവർത്തനം നടത്തിയിരുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കളമശേരി നഗരസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച രീതിയിൽ പ്രവർത്തിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്നും പി രാജീവ് പറഞ്ഞു.
ജില്ലയിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഉശിരൻ നേതാവിനെയാണ് ഹെന്നി ബേബിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എന്‍ മോഹനന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാർലമെന്ററി രംഗത്തും ഹെന്നി ശ്രദ്ധേയമായ പ്രവർത്തനം നടത്തി. അസുഖങ്ങൾ വിടാതെകൂടിയിട്ടും അസാമാന്യമായ ധീരതയോടെ പ്രവർത്തനരംഗത്തുനിന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.









0 comments