ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ് 2026

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ

Commonwealth

പ്രതീകാത്മക ചിത്രം | Image Credit : Commonwealth official website

വെബ് ഡെസ്ക്

Published on Jul 23, 2026, 07:36 PM | 3 min read

ഗ്ലാസ്‌ഗോ : സ്കോട്ടിഷ് പാരമ്പര്യത്തിന്റെ കോട്ടയായ ഗ്ലാസ്‌ഗോയിലെ തണുത്ത കാറ്റിന് ഇന്നു മുതൽ കായികമാമാങ്കത്തിന്റെ ചൂടുപിടിക്കും. വൈവിധ്യമാർന്ന സംസ്കാരവും കായികവീര്യവും ഒത്തുചേരുന്ന ഗ്ലാസ്‌ഗോയുടെ മണ്ണിലേക്ക് വീണ്ടുമൊരു കായിക ഉത്സവമെത്തിച്ചേർന്നിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിന്റെ 23ാം പതിപ്പിനാണ് ഇന്ന് ഗ്ലാസ്ഗോയിൽ തിരിതെളിയുന്നത്. ഇന്ത്യൻ സമയം 10.30നാണ് ഉദ്ഘാടനച്ചടങ്ങ് തുടങ്ങുക. മത്സരങ്ങൾ നാളെ ആരംഭിക്കും. ഓ​ഗസ്റ്റ് രണ്ടിനാണ് സമാപനം. ആകർഷകമായ വെള്ളയും ഓറഞ്ചും കലർന്ന കൊമ്പും, പിങ്ക്-പർപ്പിൾ നിറത്തിലുള്ള മുടിയുമുള്ള 'ഫിന്നി' (Finnie) എന്ന യൂണികോണാണ് ​ഗ്ലാസ്​ഗോ കോമൺവെൽത്ത് ​ഗെയിം​സിന്റെ ഭാ​ഗ്യചിഹ്നം.


ഇത്തവണ വിജയക്കൊടി പാറിക്കാനൊരുങ്ങുന്ന 126 അം​ഗ ഇന്ത്യൻ നിരയെ നയിക്കുന്നത് ഒളിമ്പിക് താരങ്ങളായ നീരജ് ചോപ്രയും മീരാഭായ് ചാനുവും ലവ്‌ലിന ബോർഗോഹെയ്നുമാണ്. സംഘത്തിൽ 5 മലയാളികളുണ്ട്. ലോങ്ജംപ് താരം എം ശ്രീശങ്കർ, റിലേ ടീമംഗം അൻസ ബാബു, നീന്തൽ താരം സജൻ പ്രകാശ്, പാരാ അത്‌ലറ്റിക്സ് ടീമംഗം മുഹമ്മദ് ബാസിൽ, ജിനാംസ്റ്റിക്സ് ടീമംഗം കെ പി സ്വാതിഷ് എന്നിവരാണ് ഗ്ലാസ്ഗോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയേകുന്നത്.


കോമൺവെൽത്ത് ഗെയിംസിന്റെ 23ാം പതിപ്പിൽ 10 കായിക ഇനങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. 2022ലെ ബർമിംഗ്ഹാം ഗെയിംസിനേക്കാൾ ഒമ്പത് കായിക ഇനങ്ങൾ കുറവാണ്. എട്ട് മൈൽ ചുറ്റളവിലുള്ള നാല് പ്രധാന വേദികളിലായി ആറ് പാരാ സ്പോർട്സ് മത്സരങ്ങളും നടക്കും. ഇന്ത്യയേറെ പ്രതീക്ഷയർപ്പിച്ച ബാഡ്മിന്റൺ, ​ഗുസ്തി, ഷൂട്ടിം​ഗ്, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ മത്സരയിനങ്ങൾ ഇത്തവണയില്ല.


അത്‌ലറ്റിക്‌സ് & പാരാ അത്‌ലറ്റിക്‌സ്, നീന്തൽ & പാരാ നീന്തൽ, 3x3 ബാസ്‌ക്കറ്റ്‌ബോൾ & 3x3 വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ, ട്രാക്ക് സൈക്ലിംഗ് & പാരാ ട്രാക്ക് സൈക്ലിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ് & പാരാ പവർലിഫ്റ്റിംഗ്, ബൗൾസ് & പാരാ ബൗൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോൾ, ബോക്‌സിംഗ്, ജൂഡോ എന്നിവയാണ് 2026ലെ കോമൺവെൽത്ത് മത്സര ഇനങ്ങൾ.


2022 ബർമിംഗ്ഹാം ഗെയിംസിൽ ഇന്ത്യ 61 മെഡലുകൾ നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. 67 സ്വർണ്ണമടക്കം 179 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്. ഇംഗ്ലണ്ട് 176 മെഡലുകളുമായി തൊട്ടുപിന്നിലെത്തി. ഇത്തവണ പാരാ അത്‌ലറ്റിക്‌സ് ഉൾപ്പെടെ 125 അംഗ സംഘത്തെയാണ് ഇന്ത്യ ഗ്ലാസ്‌ഗോയിലേക്ക് അയച്ചിരിക്കുന്നത്.


മത്സര വേദികൾ


ഒവിഒ ഹൈഡ്രോ – 2026 ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനും ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെയുള്ള നെറ്റ്‌ബോൾ മത്സരങ്ങൾക്കും ഒവിഒ ഹൈഡ്രോ വേദിയാകും. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന ചടങ്ങ് ഒരു ഇൻഡോർ അരീനയ്ക്കുള്ളിൽ നടക്കുന്നത്.


സ്കോട്സ്റ്റൗൺ സ്റ്റേഡിയം – ഗ്ലാസ്‌ഗോയുടെ വെസ്റ്റ് എൻഡിൽ സ്ഥിതി ചെയ്യുന്ന സ്കോട്സ്റ്റൗൺ സ്റ്റേഡിയമാണ് ഇത്തവണ പാരാ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ പ്രധാന വേദി. 2014ലെ ഗെയിംസിൽ സ്‌ക്വാഷ്, ടേബിൾ ടെന്നീസ് മത്സരങ്ങൾക്കും 2018ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് സ്വിമ്മിംഗിനും ഈ വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാരാ അത്‌ലറ്റിക്‌സ് ഉൾപ്പെടെയുള്ള എല്ലാ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ ഇവിടെ നടക്കും.


എസ് ഇ സി സെന്റർ – ക്ലൈഡ് നദിയുടെ വടക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ടിഷ് ഇവന്റ് ക്യാമ്പസ് (SEC) യുകെയുടെ പ്രധാന ഇവന്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ്. 3x3 ബാസ്‌ക്കറ്റ്‌ബോൾ, 3x3 വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ, ബൗൾസ്, ബോക്‌സിംഗ്, ജൂഡോ തുടങ്ങിയ മത്സരങ്ങൾക്ക് ഇത്തവണ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസ് സെന്റർ വേദിയാകും.


സ്കോട്ടിഷ് ഇവന്റ് ക്യാമ്പസ് അർമാഡില്ലോ – കായിക, സംഗീത വിനോദ പരിപാടികളുടെ പ്രധാന കേന്ദ്രമാണീ സ്റ്റേഡിയം. 14,300 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ പ്രതിവർഷം പത്ത് ലക്ഷത്തിലധികം സന്ദർശകർ എത്താറുണ്ട്. ജൂലൈ 24ന് പാരാ പവർലിഫ്റ്റിംഗും ജൂലൈ 26 മുതൽ 30 വരെ വെയ്റ്റ്‌ലിഫ്റ്റിംഗും ഇവിടെ നടക്കും.


ടോൾക്രോസ് ഇന്റർനാഷണൽ സ്വിമ്മിംഗ് സെന്റർ – ഗ്ലാസ്‌ഗോയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം 1997ൽ ആരംഭിച്ചതു മുതൽ യുകെയിലെ മുൻനിര അക്വാട്ടിക് വേദികളിലൊന്നാണ്. ജൂലൈ 24 മുതൽ 29 വരെ നീന്തൽ, പാരാ നീന്തൽ മത്സരങ്ങൾ ഇവിടെ നടക്കും. ആകെ 56 മെഡൽ ഇനങ്ങളാണ് ഇവിടെ നടക്കുക (42 നീന്തൽ, 14 പാരാ നീന്തൽ).


ഗ്ലാസ്‌ഗോ ഇന്റർനാഷണൽ അരീന - ഗ്ലാസ്‌ഗോയുടെ ഈസ്റ്റ് എൻഡിൽ സ്ഥിതി ചെയ്യുന്ന ഈ കോംപ്ലക്‌സിൽ സർ ക്രിസ് ഹോയ് വെലോഡ്രോം, അരീന എന്നീ രണ്ട് ഇൻഡോർ വേദികളുണ്ട്. സർ ക്രിസ് ഹോയ് വെലോഡ്രോമിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ട്രാക്ക് സൈക്ലിംഗ്, പാരാ ട്രാക്ക് സൈക്ലിംഗ് മത്സരങ്ങളും, അരീനയിൽ ജൂലൈ 24 മുതൽ 28 വരെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് മത്സരങ്ങളും നടക്കും.


ഇന്ത്യയിൽ കോമൺവെൽത്ത് ഗെയിംസ് 2026ന്റെ തത്സമയ സംപ്രേക്ഷണം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ദൂർദർശനിലും ലഭ്യമായിരിക്കും. തത്സമയ സ്ട്രീമിംഗ് സോണിലിവ് (SonyLIV) ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമായിരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home