കർഷകസംഘം സംസ്ഥാന സമ്മേളനം
നെല്ലിന്റെ താങ്ങുവില 35 രൂപയാക്കണം; കുറഞ്ഞനിരക്കിൽ വളം ലഭിക്കാൻ സബ്‌സിഡി നടപ്പാക്കണം

ആലപ്പുഴ: കേരളത്തിലെ നെൽക്കൃഷിമേഖലയിലെ പ്രതിസന്ധി അതീവ പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങൾ എത്രയുംവേഗം നീക്കി കർഷകർക്ക് യഥാസമയം തുക ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം.
നെല്ലിന്റെ ഗുണനിലവാരം നിർണയിച്ച് വില തിട്ടപ്പെടുത്തുന്നതിൽ മില്ലുടമകൾ ലാഭക്കൊതിയോടെ സ്വീകരിക്കുന്ന തെറ്റായ നടപടികൾ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. നെല്ലിന്റെ താങ്ങുവില കിലോയ്‍ക്ക് 35 രൂപയായി വർധിപ്പിക്കണം. ഇതിനായി സംസ്ഥാന സർക്കാരിന്റെ വിഹിതം വർധിപ്പിക്കണം. രാസവളങ്ങളുടെ വില ക്രമാതീതമായി വർധിപ്പിച്ചതിനാൽ കുറഞ്ഞനിരക്കിൽ കർഷകർക്ക് വളം ലഭിക്കാൻ സബ്‌സിഡി പദ്ധതികൾ നടപ്പാക്കണം.
അഗ്രിസ്റ്റാറ്റ് വഴി രാസവളത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്നത് ഉപേക്ഷിക്കണം. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ കൃഷിവകുപ്പ് ഗുണമേന്മയുള്ള വിത്ത് ലഭ്യമാക്കണം. വിത്ത് സബ്‌സിഡി വർധിപ്പിക്കണം.
തരിശുനില കൃഷി ജനപങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാപകമായി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.









0 comments