print edition മലയാളി നിറയും വോളി


ജിജോ ജോർജ്
Published on Sep 16, 2026, 12:57 AM | 1 min read
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ വോളിബോൾ ടീമിൽ നാല് മലയാളി താരങ്ങൾ. ബ്ലോക്കർ ജോൺ ജോസഫ് (വയനാട്, പുതുപ്പള്ളി), അറ്റാക്കർ പി ഹേമന്ത്(കോഴിക്കോട്, വെള്ളന്നൂർ), യൂണിവേഴ്‌സൽ സി കെ മുഹമ്മദ് നിഹാൽ (കോഴിക്കോട്, നാദാപുരം), ലിബറോ കെ ആനന്ദ് (കണ്ണൂർ പേരൂൽ) എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്. 12 വർഷമായി കേരളത്തിന് കളിക്കുന്ന തമിഴ്‌നാട്ടുകാരൻ ജെറോം വിനീതാണ് (ബിപിസിഎൽ കൊച്ചി) ക്യാപ്‌റ്റൻ.
സഹപരിശീലകരായ ബോബി സേവ്യർ (സായി, തിരുവനന്തപുരം), എസ് ആർ ജ്യുവൽ (സായി, ബംഗളൂരു) എന്നിവരും ടീമിലെ മലയാളി സാന്നിധ്യമാണ്. സെർബിയക്കാരൻ ഡ്രാഗൺ മിഹായിലോവിച്ചാണ് മുഖ്യപരിശീലകൻ.
ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിലെത്തിയ ടീം ജപ്പാനോട് തോറ്റാണ് പുറത്തായത്. ടീമിലുണ്ടായിരുന്ന മലയാളി താരം ഷമീമുദ്ദീൻ (എയർഫോഴ്‌സ്), പാണ്ഡ്യൻ എന്നിവരെ ഒഴിവാക്കി. ചാമ്പ്യൻഷിപ്പ് നടന്ന ഫുക്കുവോക്കയിൽ തുടരുകയാണ് ടീം. 23ന് ഗെയിംസ് നടക്കുന്ന നഗോയയിലേക്ക് പോകും. 27ന് വിയറ്റ്‌നാമുമായാണ് ആദ്യ കളി. 28ന് ഹോങ്കോങ്ങിനെയും 29ന് ഖത്തറിനെയും നേരിടും. ജോൺ ജോസഫ്, പി ഹേമന്ത്, കെ ആനന്ദ് എന്നിവർ കെഎസ്‌ഇബി താരങ്ങളാണ്. മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ വിദ്യാർഥിയാണ് മുഹമ്മദ് നിഹാൽ. ഇന്ത്യക്ക് ഇക്കുറി വനിതാ ടീമില്ല.
ടീം: ജെറോം വിനീത്(ക്യാപ്‌റ്റൻ), മുത്തുസാമി അപ്പാവു, ഓം വസന്ത് ലാഡ്, സി കെ മുഹമ്മദ് നിഹാൽ, ചിരാഗ് ഷെട്ടി, ജോയൽ ബെഞ്ചമിൻ, അമിത് ഗുലിയ, ജോൺ ജോസഫ്, ശിഖർ സിങ്, അശ്വൽ റായ്, കെ ആനന്ദ്.










0 comments