ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹമ്പിയെ വീഴ്ത്തി

ദിവ്യ ദേശ്‌മുഖ് (Photo: X/@FIDE_chess)
ബതുമി (ജോർജിയ): ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ദിവ്യ ദേശ്‌മുഖിന് വിജയം. ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്‌റ്റർ കൊണേരു ഹമ്പിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീട നേട്ടം. ആദ്യ രണ്ട് മത്സരവും സമനിലയിൽ കലാശിച്ചതോടെ ടൈബ്രേക്കിലാണ് ജയം. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായും ദിവ്യ മാറി.
ആദ്യ കളി 41 നീക്കത്തിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ഞായറാഴ്‌ച നടന്ന രണ്ടാമത്തെ മത്സരം 34 നീക്കത്തിൽ അവസാനിച്ചു. ചരിത്രത്തിലാദ്യമായാണ് ലോക കിരീടത്തിനായി രണ്ട് ഇന്ത്യക്കാർ കരുക്കൾ നീക്കുന്നത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു.രണ്ടാം മത്സരത്തിലാണ് ദിവ്യ, ഹമ്പിയെ കീഴടക്കിയത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഇന്ത്യയുടെ 88–ാം ഗ്രാൻഡ്മാസ്റ്ററാണ് ദിവ്യ. അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടി.
ട്രൈബ്രേക്കര്‍
റാപ്പിഡ് സമയക്രമത്തിലാണ് ട്രൈബ്രേക്കിലെ ആദ്യ രണ്ട് കളിയും. ഓരോ കളിക്കാരനും 15 മിനിറ്റാണ് ആലോചിക്കാൻ കിട്ടുക. ഓരോ കരുനീക്കം കഴിയുമ്പോഴും കളിക്കാർക്ക് 10 സെക്കൻഡ് വീതം ഇൻക്രിമെന്റായി ലഭിക്കും. രണ്ട് കളിയും 1– 1 ആയാൽ അടുത്തഘട്ടമാണ്. ഇത് 10 മിനിറ്റ് +10 സെക്കൻഡ് ഇൻക്രിമെന്റ് എന്ന രീതിയിലാണ്. വീണ്ടും സമനിലയെങ്കിൽ ബ്ലിറ്റ്‌സ് മത്സരമാണ്. അതിൽ സമയക്രമം 5 മിനിറ്റ് + 3 സെക്കന്റാണ്. സമനില തുടർന്നാൽ 3 മിനിറ്റ് +2 സെക്കന്റ് സമയക്രമത്തിൽ രണ്ട് ബ്ലിറ്റ്സ് പോരാട്ടം. തീരുമാനമായില്ലെങ്കിൽ വിജയിയെ കണ്ടെത്തുന്നതുവരെ 3 + 2 സമയക്രമത്തിലുള്ള മത്സരം തുടരും.








0 comments