വനിതാ ചെസ് ലോകകപ്പ് ഫെെനൽ ; തലമുറപ്പോരിൽ സമനില

മത്സരത്തിനിടെ കൊണേരു ഹമ്പിയും (ഇടത്ത്) ദിവ്യ ദേശ്--മുഖും

Sports Desk
Published on Jul 27, 2025, 12:00 AM | 1 min read
ബതുമി (ജോർജിയ)
വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ സമനിലത്തുടക്കം. ഇന്ത്യൻ താരങ്ങളായ ഗ്രാൻഡ്‌മാസ്‌റ്റർ കൊണേരു ഹമ്പിയും ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖും 41 നീക്കത്തിൽ സമനിലയിൽ പിരിഞ്ഞു. ഇരുവർക്കും അര പോയിന്റ് വീതം ലഭിച്ചു. ഇന്ന് രണ്ടാമത്തെ മത്സരം നടക്കും. ജയിക്കുന്നവർക്കാണ് ലോകകപ്പ്. ഇതും സമനിലയായാൽ നാളെ ടൈബ്രേക്കിൽ വിജയിയെ നിശ്ചയിക്കും.
ചരിത്രത്തിലാദ്യമായാണ് ലോക കിരീടത്തിനായി രണ്ട് ഇന്ത്യക്കാർ കരുക്കൾ നീക്കുന്നത്. ഇന്ത്യൻ ചെസിലെ രണ്ട് തലമുറകൾ തമ്മിലുള്ള പോരാട്ടമായിരുന്നു. 38 വയസ്സുള്ള ഹമ്പിയും 19 വയസ്സുള്ള ദിവ്യയും മുഖാമുഖം കണ്ടപ്പോൾ മത്സരത്തിന് ആവേശച്ചൂടുണ്ടായിരുന്നു. വെളുത്ത കരുക്കളുമായി തുടങ്ങിയ ദിവ്യയുടെ ആക്രമണത്തിലും പ്രതിരോധത്തിലും ചെറുപ്പത്തിന്റെ പ്രസരിപ്പുമുണ്ടായിരുന്നു. ഹമ്പിയാകട്ടെ പരിചയസമ്പത്തിന്റെ കരുത്തിൽ ക്ഷമയോടെ കരുക്കൾ നീക്കി. ഒടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു.
ഇരുവരും അടുത്ത വർഷം, ലോക ചാമ്പ്യൻ ജു വെൻജുനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റിന് അർഹത നേടിയിട്ടുണ്ട്. മൂന്നാംസ്ഥാനക്കാർക്കും ഈ ടൂർണമെന്റിന് അവസരമുണ്ട്. ചൈനയുടെ ടിങ്‌ജി ലിയും ടാൻ സോങ് യിയും മൂന്നാംസ്ഥാനത്തിനായി ഏറ്റുമുട്ടിയപ്പോൾ ആദ്യകളി സമനിലയായി.









0 comments