ആദ്യ 20 റാങ്കിൽ നാല് ഇന്ത്യക്കാർ
കളങ്ങളിൽ നിറയെ ഇന്ത്യൻ റാണികൾ ; ചൈനീസ് ആധിപത്യത്തിന് വെല്ലുവിളി

ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ചെസ് ലോകകപ്പിൽ ചുംബിക്കുന്നു

Sports Desk
Published on Jul 30, 2025, 12:19 AM | 1 min read
ബതുമി (ജോർജിയ)
ചെസ് കളങ്ങളിൽ ഇന്ത്യ നിറയുന്ന കാലമാണ്. ഓപ്പൺ വിഭാഗത്തിൽ കൗമാരതാരങ്ങൾ നേട്ടമുണ്ടാക്കിയതിനുപിന്നാലെ വനിതാവിഭാഗത്തിലും മുന്നേറ്റം. ചെസ് ലോകകപ്പിൽ ഇന്ത്യ നടത്തിയ കുതിപ്പ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തതാണ്. 107 കളിക്കാർ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യക്കായി ഒമ്പതുപേരുണ്ടായിരുന്നു. ദിവ്യ ദേശ്‌മുഖ്, കൊണേരു ഹമ്പി, ഡി ഹരിക, ആർ വൈശാലി എന്നിവർ ക്വാർട്ടറിലെത്തി. ഒരു രാജ്യത്തെ നാല് കളിക്കാർ അവസാന എട്ടിൽ ഇടംപിടിക്കുന്നത് ആദ്യമാണ്. ദിവ്യയും ഹമ്പിയും സെമിയിലേക്കും പിന്നീട് ഫൈനലിലേക്കും മുന്നേറി. പത്തൊമ്പതുകാരി ദിവ്യയുടെ കിരീടനേട്ടം അപ്രതീക്ഷിതമായിരുന്നു.
പതിനഞ്ചാം വയസ്സിൽ ഗ്രാൻഡ്‌മാസ്‌റ്ററായ കൊണേരു ഹമ്പിയാണ് വനിതകളിൽ ഏറ്റവുമധികം നേട്ടം കൊയ്‌ത താരം. അമ്മയായശേഷവും മുപ്പത്തിയെട്ടുകാരി കളത്തിൽ സജീവമായി. 2019ലും 2024ലും ലോക റാപ്പിഡ് ചാമ്പ്യനായി. 2011 ലോക ചെസ് ചാമ്പ്യഷിപ്പിൽ റണ്ണറപ്പായി. അവരുടെ ചുവടുപിടിച്ച് നിരവധി പെൺകുട്ടികൾ ചെസിലേക്ക് ആകർഷിക്കപ്പെട്ടു. നിലവിൽ ആദ്യ മൂന്ന് റാങ്കുകാർ ചൈനക്കാരാണ്. ആദ്യ 20 റാങ്കിൽ നാല് ഇന്ത്യക്കാരുണ്ട്. ഹമ്പി അഞ്ചും ഡി ഹരിക 12–-ാം സ്ഥാനത്തുമാണ്. ആർ വൈശാലി പതിനഞ്ചും ദിവ്യ പതിനെട്ടും സ്ഥാനത്ത് നിൽക്കുന്നു. ആദ്യ 100 റാങ്കിൽ എട്ട് ഇന്ത്യൻ താരങ്ങളുണ്ട്. ചൈനക്കാർ 14. ഭാവിതാരങ്ങളെന്ന് കരുതുന്ന ജൂനിയർ വിഭാഗത്തിൽ 100ൽ 11 പേർ ഇന്ത്യക്കാരാണ്. അമേരിക്കയാണ് ഒപ്പമുള്ളത്. ചൈനയിൽനിന്ന് ആറുപേരേയുള്ളു.
ലോകകപ്പിൽ ഹമ്പിയും ദിവ്യയും നാല് ചൈനീസ് താരങ്ങളെയാണ് കീഴടക്കിയത്. ആറാം റാങ്കുള്ള സൂ ജിനെറും കഴിഞ്ഞ ലോക ചാമ്പ്യഷിപ്പ് റണ്ണറപ്പായ എട്ടാം റാങ്കുകാരി ടാൻ സോങ് യിയും ദിവ്യയുടെ പടയോട്ടത്തിൽ വീണു. ഹമ്പി സെമിയിൽ കീഴടക്കിയത് മൂന്നാം റാങ്കുകാരിയായ ലീ ടിങ്ജിയെയാണ്.
വനിതകളിൽ ഇന്ത്യക്കൊരു ലോക ചാമ്പ്യനുണ്ടായിട്ടില്ല. 2011ൽ ഹമ്പി ഫൈനലിൽ തോറ്റു. ചൈനയുടെ ജു വെൻജുനാണ് നിലവിലെ ചാമ്പ്യൻ. അടുത്തവർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ വെൻജുനെ നേരിടാനുള്ള കളിക്കാരിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റിന് ദിവ്യയും ഹമ്പിയും യോഗ്യത നേടിയത് പ്രതീക്ഷ നൽകുന്നു.








0 comments