print edition ശ്രീശങ്കർ ഇന്നിറങ്ങും

ഗ്ലാസ്‌ഗോ: ഗെയിംസിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സ് ഇന്ന് തുടങ്ങും. 43 ഇനങ്ങളിലാണ് മത്സരം. 16 പാരാ ഇനങ്ങളുമുണ്ട്. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് പ്രധാന എതിരാളികൾ. ട്രാക്കിൽ കെനിയയും ജമൈക്കയും വെല്ലുവിളി ഉയർത്തും. ഇന്ത്യക്ക് 32 അത്‌ലീറ്റുകളാണ്. 2022ൽ ഓസ്‌ട്രേലിയ 10 വീതം സ്വർണവും വെള്ളിയുമടക്കം 25 മെഡലാണ് നേടിയത്. ഇംഗ്ലണ്ട് എട്ട് സ്വർണത്തോടെ 34 മെഡൽ സ്വന്തമാക്കി. കെനിയയും ജമൈക്കയും ആറ് വീതം സ്വർണം നേടി.
ഇന്ത്യക്ക് ഒരു സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും കിട്ടി. ട്രിപ്പിൾജമ്പിൽ മലയാളിയായ എൽദോസ് പോൾ നേടിയതാണ് ഏക സ്വർണം. ഇത്തവണ ജാവലിൻത്രോയിൽ നീരജ് ചോപ്രയും ലോങ്ജമ്പിൽ എം ശ്രീശങ്കറും സ്വർണം പ്രതീക്ഷിക്കുന്നുണ്ട്. 2018ല ജേതാവായ നീരജ് കഴിഞ്ഞതവണ പരിക്കിനെത്തുടർന്ന് പങ്കെടുത്തില്ല. ഇക്കുറി കനത്ത വെല്ലുവിളിയായി അർഷദ് നദീം (പാകിസ്ഥാൻ), ആൻഡേഴ്‌സൺ പീറ്റേഴ്‌സ്(ഗ്രനഡ), രുമേഷ് തരംഗ (ശ്രീലങ്ക) എന്നിവരുണ്ട്. വ്യാഴാഴ്‌ചയാണ് യോഗ്യതാ റൗണ്ട്.
ലോങ്ജമ്പ് യോഗ്യതാ റൗണ്ട് ഇന്ന് പകൽ മൂന്നിന് നടക്കും. ശ്രീശങ്കറിനൊപ്പം ലോകേഷ് സത്യനാഥനുമുണ്ട്. ഫൈനൽ ബുധനാഴ്‌ചയാണ്. ഹൈജമ്പിൽ സർവേഷ് കുശാരെയും ആദർശ് റാമും ഇന്ന് രാത്രി മെഡൽ തേടി ഇറങ്ങും. ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേൽ, 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസെ, വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ പാരുൾ ചൗധരി എന്നിവർ മെഡൽ പ്രതീക്ഷിക്കുന്നു.










0 comments