print edition മെഡലൊച്ച; തുടക്കം വെള്ളിക്കിലുക്കം

നഗോയ: മെഡലൊച്ച കേട്ടുതുടങ്ങി. തുടക്കം വെള്ളിക്കിലുക്കമാണ്. രണ്ടും വെടിവെച്ചിട്ടത് വനിതാ ഷൂട്ടർമാർ. 10 മീറ്റർ എയർ റൈഫിളിൽ വ്യക്തിഗത വെള്ളിക്കൊപ്പം ടീം ഇനത്തിലും നേട്ടം. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ ഇളവെനിൽ വാളറിവാനാണ് ഇന്ത്യയെ നയിച്ചത്. തമിഴ്‌നാട്ടുകാരി ഇരട്ട വെള്ളിയുമായി തിളങ്ങി. വിദർശ കെ വിനോദിനും സോനം മാസ്‌കറിനുമൊപ്പമാണ് ടീം ഇനത്തിലെ നേട്ടം.
വ്യക്തിഗത ഇനത്തിലെ ഫൈനലിൽ എട്ട് ഷൂട്ടർമാരാണ് അണിനിരന്നത്. ഇളവെനിലിനൊപ്പം സോനം മസ്‌കറും ഉണ്ടായിരുന്നു. വിദർശയ്‌ക്ക് ഫൈനലിലെത്താനായില്ല. യോഗ്യതാറൗണ്ടിൽ ഏഴാംസ്ഥാനത്തോടെയാണ് ഇളവെനിൽ അർഹത നേടിയത്. സോനത്തിന് മൂന്നാം സ്ഥാനമായിരുന്നു. വിദർശ പന്ത്രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ മെഡൽപോരിൽ ഇളവെനിൽ അസാമാന്യ പ്രകടനം കാഴ്‌ചവെച്ചു. തുടക്കത്തിൽ മുന്നിലായിരുന്ന ഇരുപത്തേഴുകാരിക്ക് അവസാന ഷോട്ടുകൾ പിഴച്ചു. ജപ്പാന്റെ ഹിനാത തായ്‌ചി 253 പോയിന്റുമായി ഗെയിംസ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. ഇളവെനിലിന് നേടാനായത് 252.4 പോയിന്റ്. ദക്ഷിണകൊറിയയുടെ ബാൻ ഹ്യോജിൻ വെങ്കലം നേടി.
ഇന്ത്യയുടെ സോനം മസ്‌കർ 167 പോയിന്റുമായി ആറാമതായി. യോഗ്യതാറൗണ്ടിലെ പ്രകടനം ആവർത്തിക്കാനായില്ല.
ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിൾ വ്യക്തിഗത, ടീം മത്സരം നടക്കും. ഹിമാൻഷു ധില്ലൻ, പാർഥ് മാനെ, രുദ്രാൻഷ് പാട്ടീൽ എന്നിവരാണ് തോക്കെടുക്കുന്നത്. ഇത്തവണ ഇന്ത്യക്ക് 30 അംഗ ഷൂട്ടിങ് സംഘമാണ്. 15 വീതം പുരുഷന്മാരും വനിതകളും. കഴിഞ്ഞ തവണ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമുണ്ട്.
ഒളിമ്പിക്സിലെ ഇരട്ട മെഡൽ ജേത്രി മനു ഭാക്കെറാണ് ടീമിലെ പ്രധാന താരം. ഇഷ സിങ്, ഐശ്വരി പ്രതാപ് സിങ് എന്നിവർ മെഡൽ പ്രതീക്ഷകളാണ്.










0 comments