ദിവ്യക്ക് ജന്മനാട്ടിൽ ഉജ്വല സ്വീകരണം
‘ഇത് ചെസിനുള്ള അംഗീകാരം ; ഇത്രയധികം ആളുകൾ എന്നെ അനുമോദിക്കാനെത്തിയതിൽ ഏറെ സന്തോഷം'

ജോർജിയയിൽ നടന്ന വനിതാ ചെസ് ലോകകപ്പിൽ ചാമ്പ്യനായശേഷം ഇന്ത്യയിലെത്തിയ ദിവ്യ ദേശ്മുഖിന് നാഗ്പുർ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ്

Sports Desk
Published on Aug 01, 2025, 12:15 AM | 1 min read
നാഗ്പുർ
വനിതാ ചെസ് ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖിന് ജന്മനാട്ടിൽ വൻ വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് ദിവ്യ നാഗ്പുരിൽ എത്തിയത്. വിമാനത്താവളത്തിൽ നൂറുകണക്കിനാളുകൾ സ്വീകരിക്കാനെത്തിയിരുന്നു. ‘ഇത്രയധികം ആളുകൾ എന്നെ അനുമോദിക്കാനെത്തിയതിൽ ഏറെ സന്തോഷം. ചെസിനുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്’ ദിവ്യ പറഞ്ഞു.
ജോർജിയയിലെ ബാതുമിയിലായിരുന്നു ലോകകപ്പ്. കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഫൈനലിൽ ഇന്ത്യയുടെതന്നെ കൊണേരു ഹമ്പിയെ തോൽപ്പിക്കുകയായിരുന്നു. ടൈബ്രേക്കിലൂടെയായിരുന്നു ജയം. ലോകകപ്പ് വേദിയിൽ ഇറങ്ങുമ്പോൾ ഗ്രാൻഡ് മാസ്റ്റർ നോം ആയിരുന്നു ലക്ഷ്യം. എന്നാൽ ഗ്രാൻഡ് മാസ്റ്റർ പദവിക്കൊപ്പം കിരീടവുമായാണ് തിരിച്ചെത്തിയത്.
‘ഏറെ സന്തോഷമാണ് ഇൗ നിമിഷത്തിൽ. എന്റെ അച്ഛനും അമ്മയുമാണ് ഇൗ നേട്ടത്തിനുള്ള പ്രധാന കാരണക്കാർ. അവരുടെ പിന്തുണയില്ലെങ്കിൽ ഞാൻ എവിടെയുമെത്തുമായിരുന്നില്ല. എന്റെ സഹോദരി, പരിശീലകർ എന്നിവർക്കും നന്ദി പറയുന്നു‘–ദിവ്യ പ്രതികരിച്ചു. അമ്മ നമ്രതയ്ക്കൊപ്പമാണ് ദിവ്യ എത്തിച്ചേർന്നത്.
ആദ്യകാല പരിശീലകനായിരുന്ന രാഹുൽ ജോഷിക്കാണ് ദിവ്യ നേട്ടം സമർപ്പിച്ചത്. 2020ൽ നാൽപ്പതാം വയസ്സിലായിരുന്നു രാഹുലിന്റെ മരണം. ‘ഞാനൊരു ഗ്രാൻഡ് മാസ്റ്റർ ആകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് രാഹുൽ സാറായിരുന്നു. ഇൗ പുരസ്കാരം അദ്ദേഹത്തിനുള്ളതാണ്– ദിവ്യ പറഞ്ഞു.
ലോകകപ്പിനുള്ള ഒരുക്കം കടുത്തതായിരുന്നുവെന്നും പത്തൊമ്പതുകാരി വ്യക്തമാക്കി.
‘‘ ഇൗ ടൂർണമെന്റിനായി എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് സാബ ബലോഹ് ആണ്. ഹംഗറിക്കാരനാണ് അദ്ദേഹം. ഒരുപക്ഷേ, എന്നെക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് ബലോഹ് ആയിരിക്കും. ഇത്രയും മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്താനുള്ള കാരണം ബലോഹ് ആണ്.’
2004ലാണ് ബലോഹിന് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്. 2014 ചെസ് ഒളിമ്പ്യാഡിൽ വെള്ളി നേടിയ ഹംഗറി ടീമിൽ അംഗമായിരുന്നു. 2018ലെ ലോക ജൂനിയർ ചെസിൽ രണ്ടാമനായ അഭിമന്യു പുരാണിക് സംഘത്തിലുണ്ടായിരുന്നു.
സെപ്തംബർ രണ്ടിന് ഉസ്ബെക്കിസ്ഥാനിൽ ആരംഭിക്കുന്ന ഗ്രാൻഡ് സ്വിസിലാണ് ദിവ്യയുടെ അടുത്ത മത്സരം.








0 comments