ദിവ്യയുടെ വിജയം ടൈബ്രേക്കറിലെ രണ്ടാമത്തെ കളിയിൽ , ഹമ്പിക്ക് പിഴവുകൾ തിരിച്ചടിയായി
കരുവിലൊരു തിര


Sports Desk
Published on Jul 29, 2025, 12:15 AM | 3 min read
ബതുമി (ജോർജിയ)
ദിവ്യയുടെ രാജാവ് ഒരു ചുവട് മുന്നോട്ടുനീങ്ങി. ഒരു നിമിഷം.
നിരായുധയെന്ന തിരിച്ചറിവിൽ കൊണേരു ഹമ്പിയുടെ ഉള്ളുപിടഞ്ഞു. കാലാളും കുതിരയും ആനയുംകൊണ്ട് എതിരാളികളെ അമ്പരപ്പിച്ചിരുന്ന ഹമ്പി അനിവാര്യമായ തോൽവി തിരിച്ചറിഞ്ഞു. യുദ്ധം തോറ്റിരിക്കുന്നു. അപ്പോൾ കരുനീക്കം 75ാമത്തേതായിരുന്നു. നിരാശയോടെ കൈകൊടുത്ത് എണീറ്റു. ‘ഈ ചെസ് സാമ്രാജ്യമെല്ലാം എനിക്കോ’ എന്ന കടുത്ത സന്ദേഹത്തിൽ ദിവ്യ വലംകൈകൊണ്ട് മുഖംപൊത്തി. നെടുവീർപ്പിട്ടു. സന്തോഷത്തിന്റെ ഇരമ്പം പുറത്തുവരാതിരിക്കാൻ വായ പൊത്തി. ഒരു കവിൾ വെള്ളം കുടിച്ചു. പുറത്തേക്ക് നോക്കി.
ജോർജിയയിലെ കടലോരനഗരമായ ബതുമിയിൽ അപ്പോളൊരു കുളിർക്കാറ്റ് വീശി. അതിനൊപ്പം മത്സരഹാളിന് മുന്നിലൊരു അമ്മയനക്കം. ദിവ്യയുടെ അമ്മ നമ്രത. അവൾ അമ്മയുടെ നെഞ്ചിലേക്ക് വീണു. ഇരുവരും കെട്ടിപ്പുണർന്നു. അമ്മ മകളുടെ ചുമലിൽ തലോടി. അവൾ കണ്ണീർ തുളുമ്പിയ കണ്ണുകളടച്ചു. എന്തൊരാനന്ദം, എന്തൊരു സന്തോഷം. ‘മിടുക്കീ, നിനക്കാണ് ലോകകപ്പ്’ അമ്മ കാതിൽ മന്ത്രിച്ചപ്പോൾ ഉണർന്നത് സ്വപ്‌നലോകത്തേക്കായിരുന്നു. പരസ്‌പരം കൈവീശി. അവളൊരു അപ്പൂപ്പൻതാടിപോലെ ഒഴുകി. അതിനിടെ പ്രഖ്യാപനം വന്നു. അപ്പോഴേക്കും അഭിമുഖക്കാരൻ തയ്യാറായിരുന്നു.
നാടകീയവും വൈകാരികവുമായിരുന്നു ദിവ്യയുടെ വിജയവും തുടർന്നുള്ള നിമിഷങ്ങളും.
ടൈബ്രേക്കറിൽ ഹമ്പിക്കാണ് മുൻതൂക്കം കൽപ്പിച്ചിരുന്നത്. പരിചയസമ്പത്തും കഴിഞ്ഞവർഷം റാപ്പിഡ് ലോക ചാമ്പ്യനായതും സാധ്യതക്ക് വേഗംകൂട്ടി. യുവത്വത്തിന്റെ തിരയിളക്കമായിരുന്നു ദിവ്യയുടെ കരുത്ത്. 15 മിനിറ്റും 10 സെക്കൻഡ് അധികസമയവുമുള്ള റാപ്പിഡ് ഗെയിമിൽ തുടക്കം ഒരുപോലെയായിരുന്നു. വലിയൊരു പിഴവിന് ഹമ്പിക്ക് മന്ത്രിയെ ബലികഴിക്കേണ്ടിവന്നു. എന്നാൽ എതിരാളിയുടെ തേരിനെയും ആനയെയും എടുത്ത് ആശ്വാസം നേടി. പിന്നീട് ഇരുവരും സാഹസത്തിന് മുതിർന്നില്ല. 81 നീക്കത്തിൽ സമനില പിറന്നു.
രണ്ടാമത്തെ റാപ്പിഡ് ഗെയിമും ഒപ്പത്തിനൊപ്പം നീങ്ങി. ഹമ്പി പ്രതിരോധത്തിലൂന്നി കളം പിടിക്കാൻ ശ്രമിച്ചു. കറുത്ത കരുക്കളെടുത്ത ദിവ്യയാകട്ടെ ആയുധങ്ങൾ ഒന്നൊന്നായി ഉപയോഗിച്ചു. പലപ്പോഴും പിഴവിലേക്ക് വീണെങ്കിലും ഹമ്പി സമനില മുന്നിൽ കണ്ടു. എന്നാൽ കാലാളിനെ നീക്കുന്നതിലെ വൻ പിഴവ് തിരിച്ചടിയായി. അത് മുതലെടുത്ത് ദിവ്യ കളം ഭരിച്ചു. വൈകാതെ സാമ്രാജ്യവും സ്വന്തമാക്കി.
ചെസിലെ ‘ധോണി’
അതിസമ്മർദത്തിൽ അസാമാന്യ മികവിലായിരിക്കും ദിവ്യ കളിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയെപ്പോലെയാണ്. പ്രതിസന്ധി ഘട്ടത്തിൽ ഏകാഗ്രത കൈവിടാതെ മുന്നേറും– ദിവ്യ ദേശ്‌മുഖിന്റെ മുൻ പരിശീലകൻ ശ്രീനാഥ് നാരായണന്റെ വാക്കുകൾ. രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ വനിതാ ചെസിന്റെ മുഖമായിരുന്ന കൊണേരു ഹമ്പിയെയാണ് കീഴടക്കിയത്. ഇന്ത്യൻ ചെസിലെ പ്രതിഭാതിളക്കത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ജയമെന്നും ശ്രീനാഥ് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ നാഗ്‌പുരിലാണ് ദിവ്യ. ഡോക്‌ടർ ദമ്പതികളായ ജിതേന്ദ്ര ദേശ്‌മുഖിന്റെയും നമ്രതയുടെയും മകൾ. 2020വരെ ശ്രീനാഥായിരുന്നു പരിശീലകൻ. 2018ലാണ് മികവ് കണ്ടെത്തുന്നത്. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ പ്രാപ്‌തയായിരുന്നു. 2012ൽ ദേശീയ അണ്ടർ 7 ചാമ്പ്യനായാണ് തുടക്കം. പിന്നീട് ലോക അണ്ടർ 10, അണ്ടർ 12 കിരീടങ്ങൾ സ്വന്തമാക്കി. 2024ൽ ലോക ജൂനിയർ കിരീടം. കഴിഞ്ഞവർഷം ചെസ് ഒളിമ്പ്യാഡിൽ സ്വർണംനേടിയ ടീമിൽ അംഗമായിരുന്നു. 2022 ചെസ് ഒളിമ്പ്യാഡിൽ വെങ്കലം നേടിയിട്ടുണ്ട്. 2020 ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ സ്വർണം കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു. 2023ൽ ഏഷ്യൻ വനിതാ ചാമ്പ്യനായി.
ആക്രമണനീക്കങ്ങളാണ് ദിവ്യയുടെ സവിശേഷത. ഇപ്പോൾ ഓൾ റൗണ്ട് പ്രകടനമാണ് നടത്തുന്നത്. ക്ലാസിക്കൽ, ബ്ലിറ്റ്‌സ്, റാപ്പിഡ് എന്നീ വിഭാഗങ്ങളിലെല്ലാം ഒരുപോലെ മികവ് കണ്ടെത്തി.
ദിവ്യ ദേശ്‌മുഖ്
ഗ്രാൻഡ്‌മാസ്‌റ്റർ
മഹാരാഷ്‌ട്ര, നാഗ്‌പുർ
പ്രായം 19, റാങ്ക് 18
ഫിഡെ റേറ്റിങ് 2463
2025 ചെസ് ലോകകപ്പ്
2024 ലോക ജൂനിയർ ചാമ്പ്യൻ
2024 ചെസ് ഒളിമ്പ്യാഡ് ടീം സ്വർണം, വ്യക്തിഗത സ്വർണം
2023 ഏഷ്യൻ വനിതാ ചാമ്പ്യൻ
2022 ചെസ് ഒളിമ്പ്യാഡ് വെങ്കലം
2020 ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് ടീം സ്വർണം
ജേതാവിന് 41.6 ലക്ഷം
ലോകകപ്പ് ജേതാവിന് സമ്മാനമായി ലഭിച്ചത് 41.6 ലക്ഷം രൂപ. റണ്ണറപ്പിന് 29.1 ലക്ഷം. മൂന്നാംസ്ഥാനക്കാർക്ക് 21.61 ലക്ഷവും നാലാംസ്ഥാനക്കാർക്ക് 17.29 ലക്ഷവുമാണ് പാരിതോഷികം. ലോകകപ്പിന്റെ ആകെ സമ്മാനത്തുക 5.97 കോടി രൂപയാണ്.
കിരീടവഴി
ഫൈനൽ കൊണേരു ഹമ്പി ഇന്ത്യ, 2.5–-1.5
സെമി ടാൻ സോങ് യി ചൈന, 1.5–-0.5
ക്വാർട്ടർ ഡി ഹരിക ഇന്ത്യ, 3–-1
നാലാം റൗണ്ട് സു ജിനെർ ചൈന, 2.5–-1.5
മൂന്നാം റൗണ്ട് തിയോഡ്ര ഇൻജക് സെർബിയ, 1.5–-0.5
രണ്ടാം റൗണ്ട് കെസരിയ മഗ്‌ലദ്‌സി ജോർജിയ, 1.5–-0.5)
ഒന്നാം റൗണ്ട് ബൈ









0 comments