വനിതാ ചെസിലെ ദിവ്യമുഖം


Sports Desk
Published on Jul 25, 2025, 12:00 AM | 1 min read
ബതുമി (ജോർജിയ)
ഇന്ത്യൻ ചെസിൽ വീണ്ടുമൊരു നക്ഷത്രം ഉദിക്കുന്നു. ദിവ്യ ദേശ്‌മുഖാണ് പുതിയ താരം. ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ കടന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് പത്തൊമ്പത് വയസ്സുള്ള പെൺകുട്ടി കൈവരിച്ചത്. സെമിയിൽ മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ സോങ്‌യിയെ കീഴടക്കി(1.5–-0.5). രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ് അപ്രതീക്ഷിത മുന്നേറ്റം. ആദ്യ കളി സമനിലയായിരുന്നു. അടുത്തവർഷം ലോക ചാമ്പ്യനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്തുന്ന കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ കളിക്കാനും അർഹത നേടി.
മഹാരാഷ്‌ട്രയിലെ നാഗ്‌പുരിൽനിന്നാണ് വരവ്. ഡോക്‌ടർ ദമ്പതികളായ ജിതേന്ദ്ര ദേശ്‌മുഖിന്റെയും നമ്രതയുടെയും മകളാണ്. അഞ്ചാം വയസ്സുമുതൽ ചെസ് കളിച്ചുതുടങ്ങി. 2012ൽ ദേശീയ അണ്ടർ 7 ചാമ്പ്യനായാണ് തുടക്കം. പിന്നീട് ലോക അണ്ടർ 10, അണ്ടർ 12 കിരീടങ്ങൾ സ്വന്തമാക്കി. 2024ൽ ലോക ജൂനിയർ(അണ്ടർ 20) കിരീടം. കഴിഞ്ഞവർഷം ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു. 2022 ചെസ് ഒളിമ്പ്യാഡിൽ വെങ്കലം നേടിയിട്ടുണ്ട്. 2020 ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ സ്വർണം കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു. 2023ൽ ഏഷ്യൻ വനിതാ കിരീടമുണ്ട്.
ചെസ് ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു ഇന്റർനാഷണൽ മാസ്‌റ്ററായ ദിവ്യയുടേത്. നാലാം റൗണ്ടിൽ രണ്ടാം സീഡായ ചൈനയുടെ സു ജിനെറെ കീഴടക്കി. ക്വാർട്ടറിൽ സഹതാരം ഡി ഹരികയെയും വീഴ്‌ത്തിയാണ് പതിനഞ്ചാം സീഡായ ദിവ്യ മുന്നേറിയത്. സെമിയിലെ ആദ്യ കളി കറുത്ത കരുക്കളുമായി കളിച്ച് സമനിലയായി. വെളുത്ത കരുക്കളുമായി കളിച്ച രണ്ടാമത്തെ മത്സരം പൊരുതി നേടുകയായിരുന്നു. ഫൈനലിൽ എത്തുന്ന പ്രായം കുറഞ്ഞ താരമാണ്.








0 comments