print edition എറിയാൻ നീരജ്, ഉയർത്താൻ മീരാഭായ്

ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ. പാരാ സ്‌പോർട്‌സ് അടക്കം 13 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 16 വയസ്സുള്ള പാരാ സൈക്ലിങ് താരം ലിഷാ ദാസാണ് പ്രായംകുറഞ്ഞ താരം. ലോൺ ബൗൾസ് ടീമിലുള്ള ദിനേഷ് കുമാർ(49) പ്രായം കൂടിയ താരമാണ്. കഴിഞ്ഞതവണ (2022) ബർമിങ്ഹാം ഗെയിംസിൽ ഇന്ത്യ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും നേടിയിരുന്നു. ഓവറോളിൽ നാലാംസ്ഥാനം. ഇത്തവണ 125 അംഗസംഘമാണ്. 2022ൽ മെഡൽ കിട്ടിയ മിക്ക ഇനങ്ങളും ഇക്കുറിയില്ലാത്തത് തിരിച്ചടിയാണ്. ഗുസ്‌തിയിൽ 12 മെഡലുണ്ടായിരുന്നു. ടേബിൾ ടെന്നീസിൽ ഏഴും ബാഡ്‌മിന്റണിൽ ആറും. ഇൗ മൂന്ന് ഇനങ്ങളുമില്ല.
അത്‌ലറ്റിക്‌സിൽ പ്രതീക്ഷയുണ്ട്. 32 അംഗ സംഘമാണ്. 2022ൽ എട്ട് മെഡൽ കിട്ടി. ഏക സ്വർണം ട്രിപ്പിൾജമ്പിൽ മലയാളിയായ എൽദോസ് പോളിന്റേതാണ്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇക്കുറി സ്വർണം നേടുമെന്നാണ് പ്രതീക്ഷ. പരിക്കുമാറി കളത്തിലെത്തിയ ഒളിമ്പ്യൻ കഠിന പരിശീലനത്തിലാണ്. മികച്ചുദൂരം 90.23 മീറ്ററാണെങ്കിലും ഇൗവർഷം മറികടന്നത് 85.69 മീറ്റർ. ദോഹ ഡയമണ്ട് ലീഗിൽ 82.77 മീറ്ററോടെ നാലാമതായി. 2018 കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനാണ്. കഴിഞ്ഞതവണ പരിക്കിനെത്തുടർന്ന് പങ്കെടുത്തില്ല. പാകിസ്ഥാന്റെ നിലവിലെ ചാമ്പ്യൻ അർഷാദ് നദീമും(92.97 മീറ്റർ) ശ്രീലങ്കയുടെ പുതിയ വിസ്‌മയമായ രുമേഷ് തരംഗയും(92.62 മീറ്റർ) വെല്ലുവിളിയാകും.
പുരുഷന്മാരുടെ ലോങ്‌മ്പിൽ എം ശ്രീശങ്കർ സ്വർണപ്രതീക്ഷയിലാണ്. വനിതകളിൽ പാരുൾ ചൗധരി രണ്ട് ഇനങ്ങളിൽ മത്സരിക്കും. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിലും 5000 മീറ്റർ ഓട്ടത്തിലുമാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള താരത്തിന്റെ സാനിധ്യം. ട്രിപ്പിൾജമ്പിൽ ഇത്തവണ പ്രവീൺ ചിത്രവേലാണ് മെഡൽ പ്രതീക്ഷ. 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസെയുണ്ട്.
ബോക്‌സിങ്ങിലും ജുഡോയിലും 14 പേർ വീതം മത്സരിക്കുന്നു. ഭാരോദ്വഹനത്തിൽ 12. ഒളിമ്പ്യൻ മീരാഭായ് ചാനു 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം പ്രതീക്ഷിക്കുന്നു. ബിന്ദ്യാറാണി ദേവി(58 കിലോ), നിരുപമ ദേവി(63 കിലോ), ഗ്യാനേശ്വരി ദേവി(53 കിലോ) എന്നിവരും മെഡൽ പ്രതീക്ഷയാണ്. കഴിഞ്ഞതവണ മൂന്ന് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവുമുണ്ടായിരുന്നു. ബോക്‌സിങിൽ ലവ്‌ലിന ബൊർഗോഹെയ്‌നാണ് സ്വർണപ്രതീക്ഷ. 75 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 70 കിലോയിൽ സ്വർണമുണ്ട്. ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേത്രിയാണ്. ഓസ്‌ട്രേലിയയുടെ എമ്മ സു ഗ്രീൻട്രീയാണ് പ്രധാന വെല്ലുവിളി. ലോക ചാമ്പ്യൻ ജാസ്‌മിൻ ലംബോറിയയും മെഡൽ ഉറപ്പിച്ചാണ് വരവ്.
ഇന്ത്യ 2002–2022 (വർഷം, സ്ഥാനം)
2002 (മാഞ്ചസ്‌റ്റർ) നാലാംസ്ഥാനം
2006 (മെൽബൺ) നാലാംസ്ഥാനം
2010 (ന്യൂഡൽഹി) രണ്ടാംസ്ഥാനം
2014 (ഗ്ലാസ്‌ഗോ) അഞ്ചാംസ്ഥാനം
2018 (ഗോൾഡ്‌കോസ്‌റ്റ്) മൂന്നാംസ്ഥാനം
2022 (ബർമിങ്ഹാം) നാലാംസ്ഥാനം.










0 comments