ad
Deshabhimani

സൽമ–നന്മയുടെ ആകാശത്ത്‌ 
നക്ഷത്രമായവൾ

salma

സൽമ ഗോപാലൻ

വെബ് ഡെസ്ക്

Published on Jul 23, 2026, 02:42 AM | 1 min read

കൊച്ചി


നഗരത്തിലെ നൂറുകണക്കിന്‌ ഓട്ടോകളിലൊന്നിന്റെ ഡ്രൈവർ സീറ്റിൽ ഇനി സൽമ ഗോപാലൻ (46) ഇല്ല. ദുരിതാനുഭവങ്ങളുടെ ഉലയിൽ ഉരുകിയ ജീവിതത്തെ തെളിമയോടെ കെട്ടിപ്പടുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു അവർ.


ഒറ്റയ്‌ക്കായപ്പോഴും കുറഞ്ഞ കാലത്തെ ജീവിതത്തിനിടെ സൽമ അനേകർക്ക്‌ താങ്ങും തണലുമായി. നുള്ളിപ്പെറുക്കിയുണ്ടാക്കിയ വരുമാനത്തിൽനിന്ന്‌ നിസ്വ മനുഷ്യജീവിതങ്ങളെ ചേർത്തുപിടിച്ചു. തെരുവുനായകളെവരെ പോറ്റി. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം അന്തരിച്ച സൽമ, നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്കും എന്നും കരുത്തായിരുന്നു.


ചങ്ങനാശേരിക്കാരിയായ സൽമ ദുരിതവഴികളിലൂടെയുള്ള അലച്ചിലുകൾക്കൊടുവിലാണ്‌ ഏതാനും വർഷംമുന്പ്‌ കൊച്ചിയിലെത്തിയത്‌. ചെറുപ്പത്തിലെ വിവാഹബന്ധം വേർപെട്ടശേഷം ഉപജീവനമാർഗം തേടി ഗൾഫിലെത്തി. അവിടെ പിടിച്ചുനിൽക്കാനാകാതെ വന്നപ്പോൾ മുംബയിലേക്കും അവിടെനിന്ന്‌ കൊച്ചിയിലേക്കും എത്തി. മത്സ്യസംസ്കരണ കന്പനിയിൽ ജോലിക്കുകയറി.


ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽനിന്നെല്ലാം കന്പനിയിൽ ജോലിക്ക്‌ കൊണ്ടുവന്നിരുന്ന കൊച്ചുപെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം സൽമയുടെ ശ്രദ്ധയിൽപ്പെട്ടു. ആന്ധ്രയിൽനിന്നുള്ള ഒരു പെൺകുട്ടിയെ ഉൾപ്പെടെ രണ്ടുപേരെ സൽമ അവിടെനിന്ന്‌ മോചിപ്പിച്ച്‌ പള്ളുരുത്തിയിലെ തന്റെ വാടകവീട്ടിലേക്കുകൂട്ടി. ജീവിതച്ചെലവ്‌ ഏറിയപ്പോൾ ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങി. ഒപ്പം ലോട്ടറി വിൽപ്പനയും പലഹാര വിൽപ്പനയും. അങ്ങനെ പണം സ്വരുക്കൂട്ടി പെൺകുട്ടികളിലൊരാളെ വിവാഹം കഴിച്ചയച്ചു. ഒരാളെ തന്റെ അന്ത്യംവരെ സ്വന്തം മകളെപ്പോലെ കൂടെനിർത്തി.


സ‍ൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ സ്‌റ്റാൻഡിലാണ്‌ സൽമ ഓട്ടോ ഓടിച്ചിരുന്നത്‌. അവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന പതിനഞ്ചോളം നായകൾക്ക്‌ സൽമ പതിവായി ഭക്ഷണം നൽകിയിരുന്നു. നഗരത്തിലെ വനിതാ ഓട്ടോ തൊഴിലാളി എന്നനിലയിൽ ഏതുവെല്ലുവിളികളെയും ധൈര്യപൂർവം നേരിട്ട ഒരാളായിക്കൂടിയാണ്‌ സഹപ്രവർത്തകർ സൽമയെ ഓർക്കുന്നത്‌. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ സൽമയ്‌ക്ക്‌ അന്ത്യാഞ്ജലിയർപ്പിക്കാൻ പള്ളുരുത്തിയിലെ വീട്ടിലും പൊതുശ്‌മശാനത്തിലുമെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home