print edition ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്; സിന്ധു ആയുഷ് പ്രീ ക്വാർട്ടറിൽ

പി വി സിന്ധു മത്സരത്തിനിടെ
ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സന്തോഷവും നിരാശയും. വനിതാ സിംഗിൾസിൽ പി വി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നപ്പോൾ യുവതാരം ഉന്നതി ഹൂഡ പുറത്തായി. പുരുഷന്മാരിൽ ആയുഷ് ഷെട്ടി മുന്നേറി. ലക്ഷ്യ സെൻ തോറ്റു.
മുൻ ലോക ചാന്പ്യനായ സിന്ധു രണ്ടാംറൗണ്ടിൽ കാനഡയുടെ വെൻ സു ഷാങ്ങിനെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ജയം (21–16, 2–17). 34 മിനിറ്റിൽ മത്സരം തീർന്നു. പ്രീ ക്വാർട്ടറിൽ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. ചൈനയുടെ വാങ് ഷിയ യി ആണ് എതിരാളി. മൂന്നാം സീഡാണ് വാങ്. ഇതിനുമുന്പ് എട്ട് തവണ ഏറ്റുമുട്ടിയതിൽ ഒരു ജയവുമില്ല സിന്ധുവിന്.
ഇരുപത്തിരണ്ടാം റാങ്കുകാരനായ ആയുഷ് രണ്ടാംറൗണ്ടിൽ ശ്രീലങ്കയുടെ ദുമിന്ദു അബെയ്‌വിക്രമയെ അനായാസം കീഴടക്കി. 26 മിനിറ്റ് നീണ്ട കളിയിൽ 21–8, 21–10 സ്‌കോറിനാണ് ആയുഷ് ജയം നേടിയത്. ആദ്യറൗണ്ടിൽ ഒന്നാം റാങ്കുകാരനും നിലവിലെ ചാന്പ്യനുമായ ചൈനയുടെ ഷി യു ക്വിവിനെയാണ് ഇരുപത്തൊന്നുകാരൻ തോൽപ്പിച്ചത്.
പ്രീ ക്വാർട്ടറിൽ പതിനൊന്നാം സീഡ് ഇന്തോനേഷ്യയുടെ അൽവി ഫർഹാനെയാണ് ആയുഷിന് നേരിടേണ്ടത്. ആദ്യറൗണ്ട് അതിജീവിച്ചെത്തിയ ലക്ഷ്യക്ക് രണ്ടാംറൗണ്ടിൽ താളം കണ്ടെത്താനായില്ല. ആദ്യ ഗെയിം നേടിയശേഷം അമേരിക്കയുടെ പതിനെട്ടുകാരൻ ഗാറെറ്റ് ടാനിനോട് തോറ്റു (21–19, 19–21, 17–21). 92–ാം റാങ്കുകാരനാണ് ടാൻ. ലോക ചാമ്പ്യൻഷിപ്പിലെ അരങ്ങേറ്റമായിരുന്നു. ലക്ഷ്യ പതിനാലാം സീഡാണ്. കളിയുടെ അവസാന ഘട്ടത്തിൽ പരിക്കേറ്റെങ്കിലും ടാൻ പിന്മാറിയില്ല.
വനിതകളിൽ ഉന്നതി ഹൂഡ കാനഡയുടെ മിച്ചെല്ലെ ലീയോട് പൊരുതിത്തോറ്റു. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമാണ് കീഴടങ്ങിയത് (21–19, 9–21, 21–23).










0 comments