ad
Deshabhimani

പോരാട്ടചരിത്രം കാവലായി; 
യുവതയുടെ ആവേശം വാനോളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2026, 12:37 AM | 1 min read

തൃശൂര്‍

ചരിത്രത്തിന്റെ തീച്ചൂളയിൽ രൂപപ്പെട്ട പോരാട്ടവീര്യത്തെ ഹൃദയത്തിലേറ്റാതെ ഒരാള്‍ക്ക് പോലും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനാവില്ല. പോരാട്ടത്തിന്റെ തീപ്പൊരി നിറഞ്ഞ സമരവേദികളില്‍ ഉയര്‍ന്ന മുദ്രവാക്യങ്ങളും പതറാത്ത വീര്യവും ഓര്‍മിപ്പിച്ച് കവാടത്തിന്റെ ഇരുവശങ്ങളിലും വി എസ് അച്യുതാനന്ദന്റെയും പുഷ്പന്റെയും ചിത്രങ്ങള്‍. ആ ഓർമകളെ നെഞ്ചേറ്റിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന യുവപ്രതിനിധികൾ സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുക. നഗരത്തിലെത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാഴ്ചകളാണ് സമ്മേളനനഗരിയുടെ ഓരോ കോണിലും. പതാകകളും ബോർഡുകളും ദീപാലങ്കാരങ്ങളും ശിൽപ്പങ്ങളും നിറഞ്ഞതോടെ സമ്മേളനവേദി ആവേശത്തിമിര്‍പ്പിലാണ്. നഗരിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് 12 അടി ഉയരത്തിൽ ഒരുക്കിയിരിക്കുന്ന പുന്നപ്ര –വയലാർ ശിൽപ്പം. വാരിക്കുന്തമേന്തി നിൽക്കുന്ന പോരാളിയുടെ രൂപം പോരാട്ടചരിത്രത്തിലേക്കാണ് കാഴ്ചക്കാരെയെത്തിക്കുന്നത്. 20 അടി ഉയരത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപവും 15 അടി ഉയരത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ശിൽപ്പവും വേറിട്ട ദൃശ്യഭംഗി നൽകുന്നു. ജില്ലയില്‍ നിന്ന് രക്തസാക്ഷികളായ 26 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഇടം നല്‍കിയാണ് പാലസ് ഗ്രൗണ്ടിൽ രക്തസാക്ഷി സ്ക്വയര്‍ ഒരുക്കിയിരിക്കുന്നത്. ഈ ഇടം സമ്മേളനനഗരിയിലെത്തുന്നവർക്ക് വൈകാരികമായ അനുഭവം പകരുന്നതാണ്. സെമട്രിക്കൽ രൂപങ്ങൾ ഉപയോഗിച്ചാണ് പ്രതിനിധി സമ്മേളന വേദി സജ്ജീകരിച്ചിരിക്കുന്നത്. വേദിയുടെ ഇരുവശങ്ങളിലുമായി 12 അടി ഉയരത്തിൽ ഒരുക്കിയിരിക്കുന്ന പുഷ്പന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ വേദിയുടെ പ്രൗഢി വർധിപ്പിക്കുന്നു. രക്തസാക്ഷി സ്ക്വയറിനോട് ചേർന്നുള്ള പവലിയനിലാണ് പ്രതിനിധികൾക്കുള്ള ഭക്ഷണസൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേസമയം നൂറിലധികം പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ പവലിയനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോട് ചേർന്നുതന്നെയാണ് പാചകപ്പുര. സന്ധ്യയാകുന്നതോടെ ദീപാലങ്കാരങ്ങളുടെ തിളക്കത്തിൽ സമ്മേളനനഗരിക്ക് മറ്റൊരു മനോഹര മുഖമാണ്. ഡിവൈഎഫ്ഐയുടെ ശുഭ്രപതാകകളും സമ്മേളനത്തിന് സ്വാഗതമേകുന്ന ബോർഡുകളും റോഡിനിരുവശത്തും നിറഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home