അസ്വാഭാവിക മരണത്തിന് കേസെടുത്തു
കുഞ്ഞിനെ ട്രാക്കിൽ കണ്ട് വേഗംകുറച്ചെന്ന് ലോക്കോ പൈലറ്റ്

ട്രെയിൻ തട്ടി മരിച്ച ദൃനവ്
അമ്പലപ്പുഴ
പിഞ്ചുകുഞ്ഞ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി പുതുവൽ വീട്ടിൽ വിനീതിന്റെയും സൗമ്യയുടെയും ഒന്നരവയസുകാരൻ മകൻ ദൃനവ് ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് ആറോടെയാണ് ദൃനവ് വീടിനടുത്തുകൂടി കടന്നുപോകുന്ന തീരദേശപാതയിൽ ട്രെയിൻ തട്ടി മരിച്ചത്. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിനാണ് തട്ടിയത്. കുട്ടി റെയിൽവെ ട്രാക്കിൽ നിൽക്കുന്നത് 200 മീറ്റർ അകലെ കണ്ടതായി ലോക്കോ പൈലറ്റ് ആലപ്പുഴ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ അറിയിച്ചിരുന്നു. ഈ സമയം ട്രെയിനിന്റെ വേഗത കുറച്ചതായി അമ്പലപ്പുഴ പൊലീസിനും ലോക്കോ പൈലറ്റ് മൊഴി നൽകി. കുട്ടി റെയിൽവേ പാളത്തിൽ നിൽക്കുന്നത് സമീപവാസിയായ താഹിറ എന്ന വീട്ടമ്മ കണ്ടെങ്കിലും ഇവർ ഓടിയെത്തിയപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.









0 comments