ഉത്സവബത്തയില്ല
ഹരിത കർമസേനയോട് എന്തിന് അവഗണന

സ്വന്തം ലേഖകൻ
Published on Aug 20, 2026, 02:45 AM | 1 min read
കാസർകോട്
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന ഉത്സവബത്ത ഇത്തവണയില്ല. വിവിധ മേഖലയിലെ തൊഴിലാളികൾക്ക് യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി വിശേഷ ദിനങ്ങളിൽ ഹരിതകർമ സേനയ്‌ക്ക് എൽഡിഎഫ് സർക്കാർ ഉത്സവബത്ത നൽകിവരുന്നുണ്ട്. തദ്ദേശവകുപ്പാണ് ഇതിന് തുക അനുവദിക്കുക. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകിയത്. അതാണ് ഇത്തവണ ഇല്ലാതായത്. വെയിലും മഴയും അവഗണിച്ച് നാടിന്റെ ആരോഗ്യത്തിന് കാവലാളാകുന്ന ആയിരക്കണക്കിന് ഹരിതകർമ സേനാംഗങ്ങളായ സ്‌ത്രീകളെയാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത്. രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകി വരെ ജോലിയിൽ ഏർപ്പെടുന്നവരാണ് ഇവർ. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തോളം ഹരിതകർമ സേനാംഗങ്ങളുണ്ട്. നഗരസഭകളിൽ നൂറിലേറെയും പഞ്ചായത്തുകളിൽ അറുപതുവരെയും അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലും. വീടുകളിൽനിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുകയാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനചെയ്യുന്നത്. ഇവിടെനിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. മാലിന്യം ശേഖരിച്ചാൽ വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്. തുച്ഛമായ തുക മാത്രമാണ് ഇവരുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന വലിയ ആശ്വാസമായിരുന്നു. ഹരിത കർമസേനാംഗങ്ങൾക്ക് ഇത്തവണ 3000 രൂപ ഉത്സവബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത കർമസേനാ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നതായി ജില്ലാ പ്രസിഡന്റ് വി പി പി മുസ്‌തഫ പറഞ്ഞു. എന്നാൽ മുൻകാലത്ത് നൽകിയ ഉത്സവ ബത്ത പോലും നൽകാനുള്ള തീരുമാനം സർക്കാരിൽനിന്ന് ഉണ്ടായില്ല.










0 comments