ഷർട്ടിലും കളറോണം

വിൽപ്പനയ്ക്കെത്തിയ ഓണം ഷർട്ടുകൾ
കൊച്ചി
നാടാകെ ഓണം മൂഡിലാണ്. ആഘോഷങ്ങൾക്ക് നിറംപകർന്ന് വസ്‌ത്രവിപണിയും കളർഫുളായി. ഓണത്തിന്റെ തനിമ വിളിച്ചോതുന്ന പ്രിന്റഡ് ഷർട്ടുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഥകളി, തെയ്യം, മാവേലി, അത്തപൂക്കളം, വർണച്ചിത്രങ്ങൾ എന്നിവയുള്ള ഷർട്ടുകൾ വിപണിയിൽ ഹിറ്റാണ്. ഗുജറാത്ത്, ജയ്‌പുർ എന്നിവിടങ്ങളിൽനിന്നുള്ള അജ്‌റാക് വസ്‌ത്രങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്.
പ്രിന്റഡ് ഷർട്ടുകൾ വിപണിയിൽ എത്തിയതോടെ പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തു. 350 രൂപമുതൽ വിലയുള്ള ഷർട്ടുകൾ വിപണിയിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അളവിൽ ലഭ്യമാണ്. ആദ്യം ഷർട്ടുകളിൽ തുടങ്ങിയ പരീക്ഷണം പിന്നീട് മുണ്ടുകളിലേക്കും വ്യാപിച്ചു.
വെള്ള, കറുപ്പ് നിറമുള്ള മുണ്ടുകളിൽ ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരമുള്ള ഡിസൈനുകൾ പ്രിന്റ് ചെയ്ത് കൊടുക്കുന്ന സ്ഥാപനങ്ങളുമുണ്ട്. കസവ് മുണ്ടിന് അനുയോജ്യമായ ലിനൻ കുർത്തകൾക്കും എംബ്രോയിഡറി ഷർട്ടുകൾക്കും പ്രിയമേറെയാണ്. സ്‌കൂൾ, കോളേജ്, ഓഫീസ് എന്നിവിടങ്ങളിലെ ഓണാഘോഷങ്ങൾക്ക് ഒരേ ഡിസൈനിലുള്ള ഷർട്ടുകൾ തേടി നിരവധിപേർ കടകളിലെത്തുന്നുണ്ടെന്ന് കറുകപ്പിള്ളി ആന്പിയൻസ് ഷോപ്പ് ഉടമ മാഹിൻ പറഞ്ഞു.









0 comments