ad
Deshabhimani

ഹാപ്പി ഓണം

സദ്യക്ക്‌ 
പായസം മസ്റ്റാ...

happy onam

കലക്ടറേറ്റിലെ ജീവനക്കാരുടെ സൗഹൃദ വടംവലിയിൽ 
കലക്ടർ ജി പ്രിയങ്ക 
ആവേശത്തോടെ 
പങ്കുചേർന്നപ്പോൾ

വെബ് ഡെസ്ക്

Published on Aug 20, 2026, 03:29 AM | 4 min read



പായസം ഇല്ലാത്ത സദ്യയെക്കുറിച്ച്‌ മലയാളികൾക്ക്‌ ചിന്തിക്കാനേ കഴിയില്ല. വിഭവസമൃദ്ധമായ ഓണസദ്യയിലും പായസമാണ്‌ താരം. നാടും നഗരവും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയതോടെ മധുരം പകർന്ന്‌ പായസം മേളകളും സജീവമായി. ഹോട്ടലുകളും കാറ്ററിങ്‌ യൂണിറ്റുകളും ബേക്കറികളും വിൽപ്പന പൊടിപൊടിക്കുകയാണ്. പാലട, പരിപ്പ്‌, ഗോതന്പ്‌, അടപ്രഥമൻ എന്നിവയ്ക്കാണ്‌ പ്രിയമേറെ. ആളുകളെ ആകർഷിക്കാൻ വ്യത്യസ്തമായ പായസങ്ങളും തയ്യാറാക്കുന്നുണ്ട്.


ലിറ്ററിന്‌ 300–400 രൂപവരെയാണ്‌ വില. അരലിറ്റർമുതൽ അഞ്ച്‌ ലിറ്റർവരെയുള്ള ടിന്നുകളിലാണ് പാഴ്‌സൽ വിൽപ്പന. വീടുകളിലേക്കാണ് ഇത് കൂടുതലും വാങ്ങുന്നത്. ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങൾക്കും വലിയ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന്‌ വ്യാപാരികൾ പറയുന്നു. ദിവസവും 1000 ലിറ്ററിന് മുകളിൽ പായസം വിൽക്കുന്ന സ്ഥാപനങ്ങൾ നഗരത്തിലുണ്ട്.


കുടുംബശ്രീ സിഡിഎസുകളിലെ ഓണംവിപണന മേളകളിലും പായസത്തിന്‌ ആവശ്യക്കാർ ഏറെയാണ്‌. കെടിഡിസിയുടെ പായസം മേള 21 മുതൽ മറൈൻഡ്രൈവിലെ കെടിഡിസി ഷോപ്പിങ്‌ കോംപ്ലക്‌സ്‌ മൈതാനത്ത്‌ ആരംഭിക്കും. ഉത്രാടം, തിരുവോണം നാളുകളിൽ വൈവിധ്യമാർന്ന പായസങ്ങൾ ഉൾപ്പെടെ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്‌. വിവിധ സംഘടനകളുടെ നേതൃത്വത്തിലും മേളകളും പായസം ചലഞ്ചുകളും സംഘടിപ്പിക്കുന്നു. തിരുവോണ ദിവസംവരെ മേളകൾ തുടരും.


aadithyanaadithyan



ആദിത്യന്റെ മണ്ണിൽ പൊന്ന്‌


ഷെഹിൻഷാ


കൊച്ചി

പുസ്തകത്താളുകളിലെ അറിവുകൾക്കപ്പുറം മണ്ണില്‍ സ്വന്തം ഭാവി നെയ്തെടുക്കുകയാണ് ചേര്‍ത്തല സൗത്ത് ഗവ. എച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥി കെ എ ആദിത്യൻ.


കൃഷിയോടുള്ള അടങ്ങാത്ത സ്നേഹവും കഠിനാധ്വാനവുംകൊണ്ട് സംസ്ഥാന കർഷകവിദ്യാർഥി പുരസ്കാരം ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കി. ചേർത്തല തെക്ക് പഞ്ചായത്ത് 16–ാംവാർഡില്‍ കറുകയിൽ അജയന്റെയും സജിതയുടെയും ഏകമകനായ ആദിത്യൻ, ചെറുപ്പത്തിലേ മാതാപിതാക്കളുടെ കൈപിടിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങിയതാണ്. ആദ്യം സഹായിയായി, പിന്നീട് സ്വന്തമായി കൃഷി ചെയ്തുതുടങ്ങി. രാവിലെയും വൈകിട്ടും പഠനത്തിനുശേഷം കൃഷി പരിപാലനം.


വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റിൽ നെൽക്കൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി, അലങ്കാരമത്സ്യക്കൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവ വിജയകരമായി നടത്തുന്നു.

താൻ വിളയിച്ചെടുക്കുന്നവ സ്കൂളിലും പൊതുവിപണിയിലും നേരിട്ടെത്തിച്ച് വിൽപ്പന നടത്തുന്നതിലും ആദിത്യൻ മിടുക്ക് കാട്ടുന്നു. ഭാവിയിൽ കാർഷികരംഗത്ത് ഉന്നതബിരുദം നേടി വലിയൊരു കർഷകനാകുകയാണ് ആദിത്യന്റെ ലക്ഷ്യം. രണ്ടുതവണ സ്കൂളിൽനിന്ന് കുട്ടിക്കർഷകനുള്ള എസ്‌പിസി അംഗീകാരവും കലക്ടറുടെ അനുമോദനവും തേടിയെത്തിയിട്ടുണ്ട്.


റൈസ്‌ ബക്കറ്റ്‌ ചലഞ്ചിന്റെ ഭാഗമായി  
ഇൻഫോപാർക്കിൽ സ്ഥാപിച്ച ബോക്‌സിലെ 
ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുന്നവർറൈസ്‌ ബക്കറ്റ്‌ ചലഞ്ചിന്റെ ഭാഗമായി 
ഇൻഫോപാർക്കിൽ സ്ഥാപിച്ച ബോക്‌സിലെ 
ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുന്നവർ


ടെക്കിയോണം,
നല്ലോണം


കൊച്ചി


പൂക്കളമൊരുക്കിയും സദ്യയുണ്ടും മത്സരങ്ങൾ നടത്തിയും നാട്‌ ഓണമാഘോഷിക്കാൻ ഒരുങ്ങുന്പോൾ ടെക്കികളുടെ ഓണാഘോഷത്തിന്‌ ഇത്തവണയും നന്മയുടെ സുഗന്ധമാണ്‌. ഓണമുണ്ണാൻ ബുദ്ധിമുട്ടുന്നവർക്ക്‌ കൈത്താങ്ങാകാനുള്ള ഓട്ടത്തിലാണ്‌ ഇൻഫോപാർക്കിലെ ടെക്കിക്കൂട്ടം, ഇതിനായി ‘റൈസ്‌ ബക്കറ്റ്‌ ചലഞ്ച്‌’ ഒരുക്കി.. ഇതിനായി ‘റൈസ്‌ ബക്കറ്റ്‌ ചലഞ്ച്‌’ തുടങ്ങിയിട്ടുണ്ട്‌. ഇൻഫോപാർക്കിലെ പ്രധാന ഐടി കെട്ടിടങ്ങളുടെ മുന്നിൽ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇതിൽ വേണമെങ്കിൽ അരി നിക്ഷേപിക്കാം, അല്ലെങ്കിൽ ബോക്‌സിന്‌ പുറത്തുള്ള ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ അരി വാങ്ങാനുള്ള പണം നൽകാം.


ഇത്തരത്തിൽ ശേഖരിച്ച അരി കഴിഞ്ഞവർഷങ്ങളിൽ കുട്ടമ്പുഴയിലെ ആദിവാസി ഉ‍ൗരുകളിൽ വിതരണം ചെയ്‌തു. ഇത്തവണയും ആവശ്യക്കാർക്ക്‌ അരി വിതരണം ചെയ്യുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന ‘പ്രോഗ്രസീവ്‌ ടെക്കീസ്‌’ സംസ്ഥാന പ്രസിഡന്റ്‌ അനീഷ്‌ പന്തലാനി പറയുന്നു. അഞ്ച്‌ വർഷമായി ‘റൈസ്‌ ബക്കറ്റ്‌ ചലഞ്ച്‌’ നടത്തിവരികയാണ്‌.


ഇൻഫോപാർക്ക്‌ ജീവനക്കാരുടെ ഓണാഘോഷം ബുധനാഴ്‌ച ആരംഭിച്ചു. പൂക്കളമത്സരം നടന്നു. വടംവലി, പായസ മത്സരം, സ്‌പോട്ട്‌ ഡാൻസ്‌, പുരുഷ കേസരി, മലയാളിമങ്ക മത്സരങ്ങൾ വ്യാഴാഴ്‌ച നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി നടി രമ്യ നന്പീശന്റെ മ്യൂസിക് ബാൻഡിന്റെ പ്രകടനം ബുധനാഴ്‌ച അരങ്ങേറി. ഇൻഫോപാർക്ക്‌ സ്‌ക്വയറിൽ ‘തേക്കിൻകാട്‌ ആൻഡ്‌ ആട്ടം’ എന്ന മ്യൂസിക് ഫ്യ‍ൂഷൻ വേറിട്ട അനുഭവമായി.


planeഅബുദാബിയിലെ ലുലു സ്റ്റോറുകളിലേക്കുള്ള വിഭവങ്ങൾ കൊച്ചിയിൽനിന്ന്‌ 
പ്രത്യേക വിമാനത്തിലേക്ക്‌ കയറ്റുന്നു


ഓണവിഭവങ്ങൾ പറപറക്കുന്നു


കൊച്ചി


വിദേശത്താണെങ്കിലും ഓണസദ്യ മുടങ്ങുമെന്ന പേടിവേണ്ട. ഓണാഘോഷം ​ഗംഭീരമാക്കാൻ ആവശ്യമായ വിഭവങ്ങൾ ഇനി ഗൾഫ്‌ രാജ്യങ്ങളിലും സുലഭമായി കിട്ടും. കേരളത്തിൽനിന്ന് 250 ടണ്ണിലേറെ ഉൽപ്പന്നങ്ങളാണ് ​ഗൾഫിലെ ലുലു സ്റ്റോറുകളിലേക്ക് പ്രത്യേക വിമാനങ്ങളിൽ എത്തിക്കുന്നത്.


വാഴയില, പഴം, പച്ചക്കറി, തേങ്ങ, കറിവേപ്പില തുടങ്ങി സദ്യവട്ടങ്ങൾക്കും വൈവിധ്യമാർന്ന പായസങ്ങൾക്കുമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഇതിന്റെ ഭാ​ഗമായി കൊച്ചിയിൽനിന്ന് പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് 50 ടൺ എത്തിച്ചു. വ്യാഴാഴ്ച 60 ടൺ സാധനങ്ങൾകൂടി അബുദാബിയിൽ എത്തിക്കും.


സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവടങ്ങളിലെ ലുലു സ്റ്റോറുകളിലേക്കും 100 ടണ്ണിലേറെ ലഭ്യമാക്കുന്നുണ്ട്. സദ്യവട്ടങ്ങൾക്ക് ഉൾപ്പെടെ ഓണത്തിന് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കുമെന്നും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നേരത്തേ വ്യക്തമാക്കിയിരുന്നു.


onathappanആലുവ കീഴ്മാട് സ്വദേശികളായ ശാന്തി രാജീവ്, 
ശോഭ ഗോപിനാഥ് എന്നിവർ ഓണത്തപ്പൻ നിർമാണത്തിൽ


കീഴ്മാടുണ്ട്‌ ഓണത്തപ്പന്മാർ


ആലുവ


ഓണപ്പുലരിയെ വരവേൽക്കാൻ കീഴ്മാട് ഗ്രാമത്തിൽ ഓണത്തപ്പന്മാർ ഒരുങ്ങുകയാണ്. തലമുറകളായി കൈമാറിവന്ന മൺപാത്ര നിർമാണ പാരമ്പര്യത്തിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ചാണ്‌ ഇവിടെ ഓണത്തപ്പന്മാരെ ഒരുക്കുന്നത്. ഒരുകാലത്ത് അറുപതിലേറെ കുടുംബങ്ങൾ ഈ തൊഴിൽ ചെയ്തിരുന്ന ഗ്രാമത്തിൽ ഇന്നുള്ളത്‌ മൂന്നുപേർ മാത്രം.


കീഴ്മാട് ഓണത്തപ്പന്റെ നിർമാണരീതിയാണ് അതിനെ വേറിട്ടുനിർത്തുന്നത്. കളിമണ്ണിൽ രൂപപ്പെടുത്തിയ ഓണത്തപ്പന്മാരെ ചൂളയിൽ വേവിക്കില്ല. പച്ചമണ്ണിൽ രൂപംനൽകിയശേഷം തുമ്പ കുത്തുന്നതിനായി വശങ്ങളിൽ ചെറുദ്വാരങ്ങളിടും. തുടർന്ന് വെയിലിൽ നന്നായി ഉണക്കി നിറംപൂശിയാണ് വിപണിയിലെത്തിക്കുന്നത്.


അഞ്ചെണ്ണംവീതം ഒരു സെറ്റാക്കിയാണ് വിൽപ്പന.

ചെറുകിട കച്ചവടക്കാരാണ് പ്രധാനമായും നിർമാതാക്കളിൽനിന്ന് ഓണത്തപ്പന്മാരെ വാങ്ങുന്നത്. ഒരു സെറ്റിന് വിപണിയിൽ 250 രൂപയോളം വിലയുണ്ടെങ്കിലും അതിന്റെ പകുതിപോലും നിർമാതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

മണ്ണിനും പൊന്നുവില....

കളിമണ്ണിന്റെ ലഭ്യതക്കുറവാണ് പരമ്പരാഗത മൺപാത്ര നിർമാണമേഖലയെ നേരിടുന്ന പ്രധാന പ്രതിസന്ധി. ബംഗളൂരു, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഒരു ലോഡ് മണ്ണിന് ഒന്നരലക്ഷത്തോളം രൂപ നൽകിയാണ് കേരളത്തിലെത്തിക്കുന്നത്. ഇതോടെ ഉൽപ്പന്നങ്ങളുടെ നിർമാണച്ചെലവും ഉയരുന്നു. ജില്ലയിൽ കളിമണ്ണ് ലഭിക്കുന്ന നിരവധി പാടശേഖരങ്ങളുണ്ടെങ്കിലും മണ്ണെടുക്കാൻ അനുമതി ലഭിക്കുന്നില്ലെന്നാണ്‌ തൊഴിലാളികളുടെ പ്രധാന പരാതി. റവന്യു, ജിയോളജി, പൊലീസ് വകുപ്പുകളിൽനിന്ന് മണ്ണ് ഖനനത്തിന് അനുമതി ലഭിക്കുന്നില്ല. നാട്ടിൽനിന്നുതന്നെ മണ്ണെടുക്കാൻ കഴിഞ്ഞാൽ നിർമാണച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

അവസാന കണ്ണികൾ...

മുപ്പത്തഞ്ച്‌ വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന രാജീവും ഭാര്യ ശാന്തിയുമാണ് ഇപ്പോഴും കീഴ്മാട്ടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരിൽ പ്രധാനികൾ. കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘത്തിന്റെ സ്ഥലത്താണ് ഇവർ ഓണത്തപ്പന്മാരെ നിർമിക്കുന്നത്. ഇത്തവണ 300 സെറ്റ് ഓണത്തപ്പന്മാർ വിറ്റതായി രാജീവ് പറഞ്ഞു.


ഈ തൊഴിൽ ഉപജീവനമാക്കിയിരുന്ന നിരവധി കുടുംബങ്ങൾ ഇന്ന് മറ്റു ജോലികളിലേക്ക് മാറി. ഖാദി ഗ്രാമവ്യവസായ സഹകരണ സംഘവും ഓണത്തപ്പൻ നിർമാണം അവസാനിപ്പിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായി. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നിർമാണച്ചെലവും അസംസ്കൃതവസ്തുക്കളുടെ വിലയും വർധിച്ചതോടെ തൊഴിലാളികൾക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ല. നാട്ടിൽ ലഭ്യമായ കളിമണ്ണ് ഉപയോഗപ്പെടുത്താനും പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികളെ സംരക്ഷിക്കാനും സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home