ഓണവിപണി സജീവം; സിയാൽവഴിയുള്ള ചരക്കുനീക്കം കുതിക്കുന്നു

അബുദാബിയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ നാഷണൽ എയർലൈൻസിന്റെ ചരക്കുവിമാനം
നെടുമ്പാശേരി
ഓണവിപണിയിലെ ആവശ്യകത വർധിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വഴിയുള്ള ചരക്കുകയറ്റുമതിയിൽ വൻവർധന. ഷെഡ്യൂൾഡ് വിമാന സർവീസുകളിലൂടെ 17 മുതൽ 23 വരെ 1,678 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യുമെന്നാണ് സിയാൽ പ്രതീക്ഷ. ഇതിൽ 1,173 മെട്രിക് ടൺ പഴം, പച്ചക്കറി ഉൾപ്പെടെയുള്ളവയാണ്.
വിവിധയിനം പഴങ്ങൾ, ചെറിയ ഉള്ളി, പയർ, മുരിങ്ങക്കായ, കോവയ്ക്ക, പപ്പായ, പടവലങ്ങ, പച്ചമാങ്ങ, വാഴയില തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഓണം എത്തുന്നതോടെ ചരക്കുനീക്കം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. വ്യാഴാഴ്‌ച 260 ടൺ, വെള്ളിയും ശനിയും 300 ടൺ വീതവും 23ന് 200 ടണ്ണുമാണ് പ്രതീക്ഷിക്കുന്നത്.
ഷെഡ്യൂൾഡ് യാത്രാവിമാനങ്ങൾക്കുപുറമെ നാഷണൽ എയർലൈൻസ്, ഇൻഡിഗോ എന്നിവയുടെ നോൺ -ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസുകളും സിയാലിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിൽനിന്ന് മധ്യപൂർവദേശ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഈ സർവീസുകൾ. ഓണവിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് കൂടുതൽ ചരക്കുകയറ്റുമതിക്ക് ഇൗ സർവീസുകൾ സഹായകമാകുന്നതായി സിയാൽ അധികൃതർ അറിയിച്ചു.









0 comments