മയക്കുമരുന്ന് കടത്ത് വ്യാപകം

പാറശാല
ഓണവിപണി ലക്ഷ്യമിട്ട് അതിർത്തിവഴി കഞ്ചാവ്, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ കടത്ത് വ്യാപകം. മുൻകാലങ്ങളിൽ ഓണം, ക്രിസ്‌മസ്, പുതുവർഷം പ്രമാണിച്ച് വൻ സ്പിരിറ്റ് കടത്തുണ്ടായിരുന്നു. ഇപ്പോൾ എംഡിഎംഎ ഉൾപ്പെടെയാണ് അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത്. ട്രെയിൻ മാർഗവും അന്തർസംസ്ഥാന സ്വകാര്യ ആഡംബര ബസുകളിലുമാണ് കടത്തെന്ന് പൊലീസ് പറയുന്നു. മുക്കോല– -കാരോട് ബൈപാസ് വഴി കാറുകളിലും ബൈക്കുകളിലുമായും ലഹരിവസ്തുക്കൾ എത്തിക്കുന്നു. ഇവിടെ പരിശോധന കാര്യക്ഷമമല്ലാത്തതും വെളിച്ചക്കുറവും നിരീക്ഷണ കാമറകളില്ലാത്തതും കടത്തുകാർക്ക് അനുഗ്രഹമാണ്. പരിശോധന നടക്കുന്നുണ്ടോ എന്നറിഞ്ഞ് വിവരം നൽകാൻ പ്രത്യേക സംഘങ്ങളുണ്ട്. അതുപ്രകാരം ബൈപാസിലെ സർവീസ് റോഡും മറ്റ് ഇടറോഡുളും വഴിയും ഇവ കടത്തും. ഇതിനായി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയുമടക്കം ഉപയോഗിക്കുന്നു. കഞ്ചാവ് ചെറുപൊതികളാക്കി മലയോരത്തെയും അതിർത്തികളിലെയും കടകൾ കേന്ദ്രീകരിച്ചും പുലർച്ചെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും വിൽക്കുന്നുണ്ട്. അതിർത്തിയിലെ ആളൊഴിഞ്ഞ പറമ്പുകളിലും ചതുപ്പുനിലങ്ങളിലും പഴയ കെട്ടിടങ്ങളിലും വൻതോതിൽ സൂക്ഷിച്ച് ഇരുചക്രവാഹനങ്ങളിലും ബസുകളിലുമായി മറ്റ് പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് എത്തിക്കുന്നു. ആന്ധ്രയിലെ കൂടല്ലൂർ, തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയയിടങ്ങളിൽനിന്നാണ് വൻതോതിൽ കഞ്ചാവെത്തുന്നത്. അമ്മയും മകനുമടക്കമുള്ള സംഘത്തെ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയ്ക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.










0 comments