എൽഡിഎഫ് പ്രതിഷേധിച്ചു
പിറവം താലൂക്കാശുപത്രിയിൽ ഡോക്ടറില്ല, മരുന്നില്ല

പിറവം
ഡോക്ടർമാരും മരുന്നുമില്ലാതെ താലൂക്കാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായതിൽ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. ഒരു മാസത്തിനിടെ നിരവധിതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ സൂപ്രണ്ടിന്റെ ഓഫീസ് എൽഡിഎഫ് നേതാക്കൾ ഉപരോധിച്ചു.
ആശുപത്രിയിൽ നാല് ഡോക്ടർമാരുടെ കുറവുണ്ട്. 500 മുതൽ ആയിരത്തിനുമുകളിൽ രോഗികൾ വരുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഇതോടെ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. മരുന്നുകൾ യഥാസമയം എത്തിക്കുന്നതിനോ, ഡോക്ടർമാരെ നിയമിക്കുന്നതിനോ സ്ഥലം എംഎൽഎകൂടിയായ മന്ത്രി അനൂപ് ജേക്കബ് കാര്യമായി ഇടപെടുന്നില്ല. മരുന്ന് വാങ്ങുന്നതിന് പദ്ധതിയിൽ പണം മാറ്റിവയ്ക്കാതെ നഗരസഭയും പിൻവാങ്ങി. എച്ച്എംസി പണം ഉപയോഗിച്ചാണ് നിലവിൽ ആശുപത്രിയിലേക്ക് അവശ്യമരുന്നുകൾ വാങ്ങുന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ വാങ്ങി നൽകുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ കെ പി സലിം. ജൂലി സാബു. സോജൻ ജോർജ്. വി ആർ സോമൻ, സാജു ചേനാട്ട് എന്നിവർ സംസാരിച്ചു.









0 comments