ഫിഷറീസ് വകുപ്പ്
ക്ലാസ് ഫോർ ജീവനക്കാരെ മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റി

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഫിഷറീസ് കോംപ്ലക്സിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഫിഷറീസ് വകുപ്പ് മധ്യമേഖലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിറക്കിയത് മാനദണ്ഡങ്ങൾ പാലിക്കാതെ. പൊതുസ്ഥലംമാറ്റ നടപടിക്രമത്തിൽ ഉൾപ്പെടാത്ത ക്ലാസ് ഫോർ ജീവനക്കാരെ സാധാരണയായി അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റാറുള്ളത്.
എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം അപേക്ഷ സ്വീകരിക്കാതെയും വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് സ്ഥലംമാറ്റം. എൻജിഒ യൂണിയൻ പ്രവർത്തകരായ ജീവനക്കാരെയാണ് പ്രധാനമായും വിവിധ സ്ഥലങ്ങളിലേക്ക് ചട്ടവിരുദ്ധമായി മാറ്റിയത്. എൻജിഒ അസോസിയേഷന്റെ മെമ്പർഷിപ് എടുക്കാത്ത ആളുകളെ തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്ന നടപടി ജില്ലയിൽ വ്യാപകമാണ്.
ഫിഷറീസ് വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് കോംപ്ലക്സിനുമുന്നിൽ പ്രതിഷേധിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗം എൻ എ വിനോദ് എന്നിവർ സംസാരിച്ചു.










0 comments