സീബ്രാലൈനുകൾ മാഞ്ഞു
റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടി യാത്രക്കാർ

മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കുമുന്നിലെ റോഡിൽ സീബ്രാലൈൻ മാഞ്ഞുപോയിടത്ത് റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന കുട്ടികൾ
മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരത്തിലെ പ്രധാന റോഡുകളിൽ വിവിധ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകൾ കാണാനില്ല.
വർഷങ്ങൾക്കുമുമ്പ് റോഡിൽ വരച്ച സീബ്രലൈനുകൾ മാഞ്ഞിട്ട് ഒരുവർഷത്തിലേറെയായിട്ടും വീണ്ടും വരയ്ക്കാൻ നടപടിയില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കുമുന്നിലെ ബസ്‌സ്റ്റോപ്പിലേക്ക് എത്താൻ എതിർവശത്തുള്ള സ്കൂളുകളിലെ കുട്ടികളും മറ്റു സ്ഥാപനങ്ങളിൽനിന്നുള്ളവരും ആശുപത്രിയിൽ വന്നുപോകുന്നവരും ബുദ്ധിമുട്ടുകയാണ്.
എംസി റോഡിന്റെ ഭാഗമായ ഇവിടെ വീതിയുള്ള റോഡായതിനാൽ വാഹനതിരക്കുമൂലം കാൽനടയാത്രക്കാർ ഇരുവശത്തേക്കും പോകാൻ ഏറെനേരം കാത്തുനിൽക്കണം. സീബ്രാലൈൻ കാണാതെ വാഹനങ്ങൾ വേഗത്തിൽ എത്തുന്നതും അപകടഭീതിയുണ്ടാക്കുന്നു. നാലുവരിപ്പാതയാണെങ്കിലും റോഡിനുമധ്യേയുള്ള വരയും കാണാനില്ല.
വെള്ളൂർകുന്നം, ഇഇസി മാർക്കറ്റ് കവല ഉൾപ്പെടെ നഗരത്തിൽ തിരക്കുള്ള വിവിധയിടങ്ങളിൽ സീബ്രാലൈൻ കാണാത്തത് കാൽനടയാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.









0 comments