ട്രാഫിക് പിഴ സന്ദേശം വഴിത്തിരിവായി: മോഷ്‌ടിച്ച ബൈക്ക് കണ്ടെത്തി

ചെങ്ങന്നൂർ
വീട്ടുമുറ്റത്തുനിന്ന് കാണാതായ ഇരുചക്രവാഹനം ട്രാഫിക് പിഴ സന്ദേശത്തിന്റെ (ചെല്ലാൻ) സഹായത്തോടെ പൊലീസ് കണ്ടെത്തി. പുന്നപ്ര സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് പുലർച്ചെ മോഷണം പോയ വാഹനമാണ് 28 ദിവസത്തിനുശേഷം ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്ന് ലഭിച്ചത്. വാഹന ഉടമ പുന്നപ്ര വൃന്ദാവനത്തിൽ കിരൺ ദാസിന് കൈമാറി. ആലപ്പുഴ സൗത്ത് സ്‌റ്റേഷൻ പരിധിയിൽനിന്ന് മോഷ്‌ടിച്ച ഗ്യാസ് സിലിൻഡറുകൾ കയറ്റാൻ ഉപയോഗിക്കുന്ന വാഹനം പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണ് കിരൺദാസിന്റെ ബൈക്ക് തട്ടിയെടുത്തത്. പ്രദേശത്തെ സിസിടിവി കാമറകൾ ഓഫായതിനാൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ഉടമയുടെ മൊബൈൽ ഫോണിലേക്ക് ട്രാഫിക് പെറ്റി അടിച്ചതിന്റെ പിഴ സന്ദേശം വന്നത്. ഉടമ വിവരം ഉടൻ തന്നെ പുന്നപ്ര സ്‌റ്റേഷനിൽ അറിയിച്ചു. സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹനം ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് പിന്നിലെ പാർക്കിങ് ഏരിയയിൽ ദിവസങ്ങളായി കിടക്കുന്നതായി കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നതിനെത്തുടർന്നാണ് അധികൃതർ വാഹനത്തിന് പെറ്റി അടിച്ചത്. ട്രാഫിക് എസ്ഐ എം ടി മധുകുമാർ, ഗ്രേഡ് എസ്ഐമാരായ നൗഷാദ്, വിജയകുമാർ, എഎസ്ഐമാരായ അനീഷ്‌മോൻ, ജയൻ എന്നിവരാണ് വാഹനം കണ്ടെത്തിയത്.









0 comments