ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ്
സ്വീകരിച്ച പത്രിക തിരുത്തിച്ച് കലക്ടറുടെ ചട്ടലംഘനം

ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു പുറത്തുവന്ന ശേഷം നടത്തിയ പ്രതിഷേധത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി ബാബു സംസാരിക്കുന്നു
കൊല്ലം
ജില്ലാ ആസൂത്രണ സമിതി പ്രതിനിധി തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ ആനി ജൂല തോമസ് അട്ടിമറിച്ചു. ചട്ടപ്രകാരം വരണാധികാരി സ്വീകരിച്ച പത്രിക തിരുത്തൽ വരുത്താൻ യുഡിഎഫ് പ്രതിനിധിക്ക് തിരിച്ചു നൽകി. എൽഡിഎഫ് പ്രതിനിധികൾ ചട്ടലംഘനം ചൂണ്ടിക്കാണിച്ചിട്ടും കലക്ടർ യുഡിഎഫിനെ അനുകൂലിച്ചു. തുടർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കലക്ടറുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സമീപിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി സി ബാബു പറഞ്ഞു. കൊല്ലം കോർപറേഷനിൽ നിന്നുള്ള പ്രതിനിധികളെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിലാണ് കലക്ടറുടെ തിരിമറി. യുഡിഎഫ് പ്രതിനിധി തയ്യാറാക്കി സമർപ്പിച്ച പത്രിക തിരുത്താൻ ചട്ടവിരുദ്ധമായി അവസരം നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജനറൽ, വനിതാ വിഭാഗത്തിലേക്ക് ബുധനാഴ്ച രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫിൽ നിന്ന് മുളകാടകം ഡിവിഷനിൽ നിന്നുള്ള എ എം മുസ്തഫ, വാളത്തുംഗൽ ഡിവിഷനിലെ സുജ എന്നിവരും യുഡിഎഫിൽ നിന്ന് കയ്യാലയ്ക്കൽ നിന്നുള്ള മാജിത വഹാബ്, ശക്തികുളങ്ങര ഡിവിഷനിലെ സേവിയർ മർത്യാസ് എന്നിവരാണ് പത്രിക നൽകിയത്. എല്ലാവരും പത്രിക നൽകിയശേഷം തിരുത്തൽ ഉണ്ടെന്നുപറഞ്ഞ് മാജിത വഹാബ് തിരികെ ആവശ്യപ്പെട്ടു. ഉടൻ കലക്ടർ പത്രിക തിരികെ നൽകി. വൈറ്റ്‌നെർ കൊണ്ട് ആദ്യം എഴുതിയഭാഗം മായിച്ചശേഷം തിരുത്തി എഴുതി നൽകി. വരണാധികാരി പത്രിക സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് മടക്കി നല്‍കരുതെന്നാണ് ചട്ടം. ഇതാണ് കലക്ടർ യുഡിഎഫിനു വേണ്ടി അട്ടിമറിച്ചത്. ഇതിനെ സി ബാബു ഉൾപ്പെടെയുള്ള എൽഡിഎഫ് കൗൺസിലർമാർ ചോദ്യംചെയ്തു. എന്നാൽ, യുഡിഎഫ് നടപടിയെ കലക്ടർ ന്യായീകരിച്ചു. വരണാധികാരി കോൺഗ്രസ് പ്രതിനിധിയാണോ എന്ന് സി ബാബു ചോദിച്ചു. പത്രിക തിരുത്തിയ യുഡിഎഫ് കൗൺസിലറെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടെങ്കിലും കലക്ടർ അനുവദിച്ചില്ല. തുടർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തൊട്ടുപിന്നാലെ യുഡിഎഫ് പ്രതിനിധികളെ വിജയികളായി കലക്ടർ പ്രഖ്യാപിച്ചു. കളക്ടറുടെ ജനാധിപത്യവിരുദ്ധ നടപടിയെ നിയമപരമായി നേരിടുമെന്ന് സി ബാബു പറഞ്ഞു. കോർപറേഷനു മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ അഡ്വ. ജെ സൈജു, സി ബാബു, രാജശ്രീ എന്നിവർ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലയിൽ നിന്ന് 15പേരെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിൽ കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ളവരെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.








0 comments