പാലാ നഗരസഭ
ഭരണപ്രതിസന്ധി ഒഴിഞ്ഞു; ഏകോപനത്തിന് നഗരവികസന മുന്നണി

പാലാ
എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്രാംഗം മായ രാഹുൽ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാലാ നഗരസഭയിലെ ആറ് മാസത്തിലേറെ നീണ്ട ഭരണപ്രതിസന്ധിക്ക് വിരാമമായി. 26 അംഗ കൗൺസിലിൽ എൽഡിഎഫിലെ 12 അംഗങ്ങളുടെയും മൂന്ന് കോൺഗ്രസ് വിമതരുടെയും ഉൾപ്പെടെ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് മായ നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗങ്ങളും വിമതരും ചേർന്ന് രൂപീകരിച്ച നഗരവികസന മുന്നണിയാകും ഭരണതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നഗരഭരണത്തിലും വികസന പ്രവർത്തനങ്ങളിലും തർക്കങ്ങൾ ഒഴിവാക്കി സുതാര്യത ഉറപ്പാക്കാൻ നഗരസഭാധ്യക്ഷയ്‌ക്കും അംഗങ്ങൾക്കും ഇടയിലെ പാലമാകും പുതിയ സമിതി. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ബിജു പാലൂപ്പടവനാണ് ഏകോപന സമിതി അധ്യക്ഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ യുഡിഎഫ്–സ്വതന്ത്രകൂട്ടായ്‌മ സഖ്യത്തിലെ അധികാരതർക്കങ്ങളും ഭരണത്തിലെ ഏകാധിപത്യ നിലപാടുകളുമാണ് സഖ്യം തകരാനിടയാക്കിയത്. ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസിനെപ്പോലും അവഗണിച്ചായിരുന്നു സ്വതന്ത്രകൂട്ടായ്‌മയുടെ ഭരണം. ഇത് ഭരണ മുന്നണിയിലെ അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിലേക്കും പൊലീസ് കേസുകളിലേക്കും വരെ എത്തി. നഗരസഭാ ഭരണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എൽഡിഎഫ് അംഗങ്ങൾ ചെയർപേഴ്‌സൺ ദിയ ബിനുവിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക് വന്നപ്പോൾ കോൺഗ്രസ് വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് പ്രതിനിധികളും സ്വതന്ത്രയും എൽഡിഎഫിനൊപ്പം ചേർന്ന് വോട്ട് ചെയ്‌തതോടെ ദിയ ബിനു ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് പുറത്തായി. ഇതേതുടർന്ന് നാല് കോൺഗ്രസ് അംഗങ്ങളെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഇതിനിടെ കോൺഗ്രസ് വിമത കൗൺസിലമാർക്കെതിരെ കൂറ് മാറ്റം ആരോപിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനക്കൽ നൽകിയ ഹർജി ഇലക്ഷൻ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.










0 comments