വെള്ളിടിയാവാൻ നിരണം

നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിൽ പരിശീലനം നടത്തുന്നു

ഫെബിൻ ജോഷി
Published on Aug 20, 2026, 02:03 AM | 1 min read
ആലപ്പുഴ
നിരണത്തിന് ഇക്കുറി മറ്റൊരു ലക്ഷ്യമില്ല. പുന്നമടയിൽ സ്വപ്ന കിരീടം ചൂടണം. നീരണഞ്ഞ വർഷം ഏഴാം സ്ഥാനം, 2023ൽ അഞ്ചാമതായി. കഴിഞ്ഞ രണ്ടു വർഷവും അവസാന നാലിൽ. കഴിഞ്ഞ മൂന്ന് വർഷവും കൈവിട്ട കിരീടം പത്തനംതിട്ടയിലെത്തിക്കുമെന്ന് ഉറപ്പിച്ചാണ് നിരണം ചുണ്ടനും നിരണം ബോട്ട് ക്ലബും തുഴയെടുക്കുന്നത്. സായി മുൻ പരിശീലകൻ ബിനു മാളിയേക്കലാണ് പരിശീലകൻ. 100 താരങ്ങൾ പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലെ ക്യാമ്പിലുണ്ട്. രാവിലെയും വൈകിട്ടും പരിശീലനം. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിക്കാരും 85 തുഴക്കാരും നിരണം ചുണ്ടനിലുണ്ടാകും. വ്യവസായി കെ ജി എബ്രഹാമാണ് ക്യാപ്റ്റൻ. ബൈജു കുട്ടനാട് ലീഡിങ് ക്യാപ്റ്റൻ. ഒന്നാംതുഴയിൽ അജീഷ് കുമരകവും ഒന്നാം പങ്കായത്തിൽ സുരേഷ് നാഷണാത്രയും. കളിവള്ളങ്ങളുടെ പെരുന്തച്ചൻ കോയിൽമുക്ക് ഉമാമഹേശ്വരൻ ആചാരി ഉളികുത്തി നീറ്റിലിറക്കിയതാണ് പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടൻ. നിരണം ഗ്രാമവാസികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായ നിരണം ചുണ്ടന്‍ 2022 ആഗസ്‌ത് 17-നാണ് നീറ്റിലിറക്കിയത്. പള്ളിയോടങ്ങളുടെ നാടെന്ന് പേരുകേട്ട നിരണം ഗ്രാമം ചുണ്ടന്‍ വള്ളം നിര്‍മിക്കാൻ കാരണം നിരണം വാര്‍ത്ത എന്ന ഫേസ്‌ബുക്ക് പേജില്‍ 2021-ല്‍ ഉയര്‍ന്ന അന്വേഷണങ്ങളാണ്. നിരണം നിവാസികള്‍ ഒന്നുചേര്‍ന്ന് പണം കണ്ടെത്തി. 168 ദിവസത്തിനുള്ളില്‍ 97 പേര്‍ക്കിരിക്കാവുന്ന ചുണ്ടന്‍ വള്ളം നിര്‍മിച്ച കഥ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു.









0 comments