പരീക്ഷയ്ക്ക് എത്താതെ ആദിവാസി കുട്ടികൾ
സർക്കാർ അവഗണനയിൽ വഴിമുട്ടി പഠനം

ഓണപ്പരീക്ഷയ്ക്ക് എത്താനാകാതെ കാടിനകത്ത് കഴിയുന്ന കുമ്പളപ്പാറ ആദിവാസി ഉന്നതികളിലെ കുട്ടികളുടെ രക്ഷിതാക്കളോട് വാർഡ് മെമ്പറും എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും സംസാരിക്കുന്നു
വി കെ ഷാനവാസ്
Published on Aug 20, 2026, 12:34 AM | 1 min read
എടക്കര
ഓണപ്പരീക്ഷ ആരംഭിച്ചിട്ടും കൊഴിഞ്ഞുപോയ ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാൻ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. മുണ്ടേരി വനത്തിലെ കുമ്പളപ്പാറ ഉന്നതിയിലെ 19 കുട്ടികൾ പരീക്ഷയ്ക്കുപോലും പോകാതെ കാടിനകത്തത് തുടരുകയാണ്. എസ്എഫ്ഐ നേതാക്കൾ ഉന്നതികൾ സന്ദർശിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു. യുഡിഎഫ് സർക്കാർ സംസ്ഥാനത്തെ മുഴുവൻ മെന്റർ അധ്യാപകരെയും പിരിച്ചുവിട്ടതാണ് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണം. പോത്തുകല്ല് ഞെട്ടിക്കുളം ഹോസ്റ്റലിൽനിന്ന് 19 ആദിവാസി കുട്ടികൾ ഒറ്റദിവസം പഠനം ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങിയിരുന്നു. ഞെട്ടിക്കുളം എയുപി സ്കൂളിലെ എൽപി, യുപി വിദ്യാർഥികളാണ് സ്കൂളിൽ പോകാതെ കൂട്ടത്തോടെ കാട് കയറിയത്. പോത്തുകല്ല് മുണ്ടേരി വനത്തിനുള്ളിലെ കുമ്പളപ്പാറ ആദിവാസി ഉന്നതികളിലെ കുട്ടികളാണിത്. ഞെട്ടിക്കുളം ഹോസ്റ്റലിൽനിന്ന് 11 പെൺകുട്ടികളും എട്ട് ആൺകുട്ടികളുമാണ് ഒരുമാസംമുമ്പ് വീടുകളിലേക്ക് മടങ്ങിപ്പോയത്.
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന നിലവാരം ഉയർത്താനും എൽഡിഎഫ് സർക്കാർ മെന്റർമാരെ നിയമിച്ചിരുന്നു. അധികാരത്തിലെത്തിയ ഉടൻ യുഡിഎഫ് സർക്കാർ സംസ്ഥാനത്തെ മുഴുവൻ മെന്റർ അധ്യാപകരെയും പിരിച്ചുവിട്ടു. ആദിവാസി ക്ഷേമ സമിതി, എസ്എഫ്ഐ, ഡിവൈഎഫ്ഐ സമരങ്ങൾക്കൊടുവിൽ ഇവരെ നിയമിക്കുമെന്ന് തീരുമാനിച്ചു. എന്നാൽ സ്കൂൾ തുറന്ന് മൂന്ന് മാസമായിട്ടും നിയമനങ്ങൾ നടത്താൻ തയ്യാറായിട്ടില്ല. ഇതോടെ കുട്ടികൾ കൊഴിഞ്ഞുപോകുന്നത് വർധിച്ചു. ഒരുമാസംമുമ്പ് മെന്റർ അധ്യാപകർക്കുള്ള പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞതാണ്. എന്നിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി എന്നീ നാല് ആദിവാസി ഉന്നതികളിലായി പഠനം ഉപേക്ഷിച്ച 40 കുട്ടികളുണ്ട്.
ഉന്നതികളിലെത്തിയ വിദ്യാർഥി, യുവജന നേതാക്കൾ രക്ഷിതാക്കളുമായി സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡാനിഷ് അബ്ദുള്ള, ഏരിയാ കമ്മിറ്റി അംഗം ഷിബിൽ ഫവാസ്, ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് ഹാൻഷിഫ്, വാർഡ് മെമ്പർ അനിൽ കുമാർ ശാന്തിഗ്രാം, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സുഫിലുസ് ഖാൻ, ജുബിൻ ജാസ് എന്നിവർ പങ്കെടുത്തു.








0 comments