print edition സ്വർണം നിലനിർത്താൻ ഇന്ത്യ കളത്തിൽ

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പരിശീലനത്തിൽ
നഗോയ: സ്വർണം നിലനിർത്താൻ ഹർമൻപ്രീത് കൗറും സംഘവും ഇന്ന് കളത്തിൽ. ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിലെ ക്വാർട്ടറിൽ ആതിഥേയരായ ജപ്പാനാണ് എതിരാളി. ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം. ജയിച്ചാൽ സെമിയിൽ ബംഗ്ലാദേശാണ് എതിരാളി.
ഏഷ്യാ കപ്പിലെ ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനെത്തുന്നത്. ആകെ എട്ട് ടീമുകൾ പങ്കെടുക്കുന്ന ഗെയിംസിൽ നേരിട്ട് ക്വാർട്ടർ ഫൈനലാണ്. ജയിച്ചാൽ മുന്നേറാം, തോറ്റാൽ പുറത്താകും.
ഓപ്പണിങ് ബാറ്റർമാരായ ഷഫാലി വർമയും സ്‌മൃതി മന്ദാനയുമാണ് ഏഷ്യാ കപ്പിൽ ഇന്ത്യക്ക് കിരീടം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. യുഎഇയിൽ ഷഫാലിയായിരുന്നു കൂടുതൽ റണ്ണടിച്ച താരം. ക്യാപ്‌റ്റൻ ഹർമൻപ്രീത് ഉൾപ്പെടെ മറ്റ് ബാറ്റർമാരെല്ലാം റൺ കണ്ടെത്താൻ വിഷമിക്കുന്നത് തിരിച്ചടിയാണ്.
ബൗളർമാരിൽ ആശങ്കയില്ല. ഓൾ റൗണ്ടർ ദീപ്‌തി ശർമയാണ് ബൗളിങ് നിരയെ നയിക്കുന്നത്. ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ഇന്ത്യൻ സ്‌പിന്നറുടെ പേരിലാണ്. ശ്രീചരണി, നന്ദിനി ശർമ, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ് തുടങ്ങിയ ബൗളർമാരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.
മയ് യനാഗിഡയാണ് ജപ്പാന്റെ ക്യാപ്‌റ്റൻ.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന, ഷഫാലി വർമ, ദീപ്‌തി ശർമ, റിച്ചാ ഘോഷ്, ജി കമാലിനി, ശ്രേയങ്ക പാട്ടീൽ, ഭാർതി ഫുൽമാലി, ശ്രീചരണി, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, രാധാ യാദവ്, നന്ദിനി ശർമ.










0 comments