print edition മോദിയുടെ ജന്മദിനാഘോഷം നിർബന്ധമാക്കി ബിജെപി സർക്കാരുകൾ

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും അങ്കണവാടി ജീവനക്കാരും പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിക്കണമെന്ന നിർബന്ധിത നിർദേശം വിവാദമാകുന്നു.
വ്യാഴാഴ്‌ച പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിക്കാൻ ദീപം കൊളുത്തണമെന്നും കലാപരിപാടികൾ നടത്തണമെന്നും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ ഇതിന്റെ ഫോട്ടോകളും വീഡിയോകളും പങ്കിടണമെന്നുമാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നിർദേശങ്ങൾ നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പശ്‌ചിമ ബംഗാളിൽ 80,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീപം കൊളുത്തണമെന്ന നിർദേശമാണ് നൽകിയത്. മൺവിളക്കുകൾ വാങ്ങുന്നതിന് വിളക്കിന് രണ്ടുരൂപ അനുവദിച്ചു. വിക്‌ടോറിയ മെമ്മോറിയൽ, റൈറ്റേഴ്‌സ് ബിൽഡിങ്, സെക്രട്ടറിയറ്റ് തുടങ്ങിയ സർക്കാർ, പൈതൃക കെട്ടിടങ്ങളിലും ദീപം തെളിയിക്കാൻ നിർദേശം നൽകി.
ഇതിനുപുറമേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോദിയുടെ വ്യക്തി, പൊതു ജീവിതങ്ങളിലെ സംഭവങ്ങൾ ഉൾപ്പെടുത്തിയ ‘നമോ–സേവ’ നാടകം അവതരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ 75 സിഎം ശ്രീ സ്‌കൂളുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് ഉത്തരവ് നൽകി. ദീപം കൊളുത്താൻ വിളക്കുകൾ, തിരി, എണ്ണ തുടങ്ങിയവയും വിതരണം ചെയ്‌തു.
ബിഹാറിലും സർക്കാർ സ്‌കൂളുകളിൽ ദീപം തെളിക്കുന്ന പരിപാടി സംഘടിപ്പിച്ചു. ഓരോ സ്‌കൂളും എത്ര ദീപം തെളിക്കണമെന്ന നിർദേശവുമുണ്ടായിരുന്നു.










0 comments