ad
Deshabhimani

print edition റിപ്പോർട്ടർ ന്യൂസ് റൂമിലെ റെയ്‌ഡ്‌; മുഖ്യമന്ത്രി അറിഞ്ഞു, മന്ത്രി അറിഞ്ഞില്ല

Satheesan
വെബ് ഡെസ്ക്

Published on Sep 18, 2026, 01:22 AM | 1 min read

തിരുവനന്തപുരം: കൊച്ചിയിൽ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത്‌ ബുധനാഴ്‌ച നടത്തിയ റെയ്‌ഡ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെ. എന്നാൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയിൽനിന്ന്‌ മറച്ചുവച്ചു.

എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി റെയ്‌ഡിന്‌ ആക്‌ഷൻ പ്ലാൻ ചൊവ്വാഴ്‌ച തയ്യാറാക്കി വിവരം മുഖ്യമന്ത്രിയെ അറിയിച്ചു.


വിദേശത്താണെങ്കിലും ആഭ്യന്തരമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും പൊലീസ്‌ മോധാവിയും ഇന്റലിജൻസ്‌ എഡിജിപിയും ദിവസവും ആശയവിനിമയം ഉണ്ടാകും. എന്നിട്ടും റെയ്‌ഡിന്റെ വിശദാംശം മറച്ചത്‌ ദുരൂഹം.


സംസ്ഥാനത്തെ പ്രമുഖ മാധ്യമസ്ഥാപനത്തിൽ 20 മണിക്കൂർ നീണ്ട റെയ്‌ഡ്‌ മുൻകൂട്ടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം എന്നത്തെയും പോലെ പച്ചക്കള്ളം. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ റെയ്‌ഡിന്‌ എസ്‌ഐടി മുതിരില്ല. ക്രമസമാധാനപാലന എഡിജിപി കൂടിയായ എസ്‌ഐടി തലവൻ തലസ്ഥാനത്തെ ഓഫീസിലിരുന്നാണ്‌ റെയ്‌ഡ്‌ നിയന്ത്രിച്ചത്‌.


മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ്‌ ഇദ്ദേഹം. കേരളത്തിൽ നടന്നതും നടക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും ദിവസവും രാവിലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്റലിജൻസ്‌ ബ്രീഫ്‌ ചെയ്യും. സുപ്രധാന കാര്യങ്ങളിൽ സംസ്ഥാന പൊലീസ്‌ മേധാവിയും ചർച്ച നടത്തും. എന്നിട്ടും റെയ്‌ഡ്‌ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയെങ്കിൽ ഇന്റലിജൻസ്‌ വീഴ്‌ചയെന്ന്‌ സമ്മതിക്കേണ്ടിവരും.


റെയ്‌ഡ്‌ മുൻകൂട്ടി അറിഞ്ഞില്ലെന്നാണ്‌ വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ ആഭ്യന്തരമന്ത്രിയും പറഞ്ഞത്‌. അത്‌ ശരിയെങ്കിൽ റെയ്‌ഡ്‌ അദ്ദേഹത്തിൽനിന്ന്‌ എന്തിന്‌ മറച്ചു എന്നതിന്‌ പൊലീസിലെ ഉന്നതർ മറുപടി പറയേണ്ടിവരും. ചെന്നിത്തല വ്യാഴാഴ്‌ച രാവിലെ വിദേശത്തുനിന്ന്‌ എത്തുമെന്ന്‌ പൊലീസിന്‌ അറിയാം. അതിനുമുന്പ്‌ തന്നെ തിരക്കിട്ട്‌ റെയ്‌ഡ്‌ നടത്തിയതിൽ ചെന്നിത്തലയ്‌ക്ക്‌ കടുത്ത അമർഷമുണ്ട്‌.


ആന്റോ അഗസ്റ്റിൻ 
റിമാൻഡിൽ


കൽപ്പറ്റ: വയനാട്‌ വാഴവറ്റയിലെ വീട്ടിൽനിന്ന്‌ മദ്യംപിടിച്ച കേസിൽ പൊലീസ്‌ അറസ്റ്റുചെയ്‌ത റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. വ്യാഴം പുലർച്ചെ കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌ത ആന്റോയെ പകൽ 11.30ഓടെ വയനാട്ടിലെത്തിച്ചു.


മീനങ്ങാടി അസി. എക്‌സൈസ് കമീഷണർ ഓഫീസിൽ വൈകിട്ട്‌ 4.30വരെ ചോദ്യംചെയ്‌തു. പിന്നീട്‌ ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ്‌ ചെയ്‌തു. ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home