print edition തിമിര ശസ്‌ത്രക്രിയയ്‌ക്കിടെ ചികിത്സാപ്പിഴവ്; ലതയുടെ കണ്ണിൽ തറച്ച ലെൻസ് നീക്കി

കോട്ടയം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയ്‌ക്കിടെ വലതുകണ്ണിൽ ലെൻസ് തറച്ച് കാഴ്ച നഷ്‌ടമായ ആറാട്ടുപുഴ നല്ലാണിക്കൽ വീട്ടിൽ ലതയുടെ(67) കണ്ണിലെ ലെൻസ് നീക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന ശസ്‌ത്രക്രിയയിലൂടെയാണ് ലെൻസ് നീക്കിയത്.
കാഴ്ച തിരികെ കിട്ടുന്നതിനുൾപ്പെടെയുള്ള ശസ്‌ത്രക്രിയയും നടന്നു. ഏകദേശം രണ്ടരമണിക്കൂറിലേറെ നീണ്ട ശസ്‌ത്രക്രിയയ്‌ക്കുശേഷമാണ് ലെൻസ് നീക്കം ചെയ്യാനായത്. ലതയെ വാർഡിലേക്ക് മാറ്റി.
തിമിരശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ വ്യാഴം രാവിലെ ഒമ്പതോടെയാണ് ലതയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്‌ത്രക്രിയ മുറിയിൽ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയയ്‌ക്കിടെ കണ്ണിൽ ലെൻസ് തറച്ചുകയറിയതിനാൽ നാലര മണിക്കൂറിനുശേഷമാണ് പുറത്തിറക്കിയത്.
മകൾ ദീപിക ശസ്‌ത്രക്രിയ വൈകിയതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് ലെൻസ് തറച്ചുകയറിയെന്ന് ഡോക്ടർ പറയുന്നത്. നടപടി ആവശ്യപ്പെട്ട് മകൾ പരാതി നൽകി. ലെൻസ് പുറത്തെടുക്കാൻ ആലപ്പുഴയിൽ സംവിധാനം ഇല്ലാത്തതിനാലാണ് വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.










0 comments