കാഞ്ഞൂരിൽ വെള്ളമില്ല
നെൽക്കൃഷി ഉണങ്ങിനശിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കാഞ്ഞൂരിലെ ഉണങ്ങിനശിച്ച കൃഷിയിടങ്ങൾ സന്ദർശിക്കുന്നു
കാലടി
കാഞ്ഞൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ വെള്ളം കിട്ടാതെ ഏക്കർക്കണക്കിന് നെൽക്കൃഷി ഉണങ്ങിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷി നശിച്ച പാഴൂർപാടവും പാറപ്പുറം പ്രദേശത്തെ കൃഷിയിടങ്ങളും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. പാഴൂർപാടത്ത് നെൽക്കർഷകൻ ശശിയുടെ 26 ഏക്കറും ജോയി കോഴിക്കാടന്റെ 14 ഏക്കറും, യുവകർഷകൻ ടി ഡി റോബർട്ടിന്റെ 10 ഏക്കറും, ആന്റണിയുടെ അഞ്ച് ഏക്കറും നെൽക്കൃഷി വെള്ളം കിട്ടാതെ ഉണങ്ങിനശിച്ചു. 18,000 വാഴകളും 15 ഏക്കറിലെ കപ്പക്കൃഷിയും വൻ പ്രതിസന്ധിയിലാണ്.
ഇവിടേക്ക് ജലസേചനം നടത്തുന്ന പുളിയാമ്പിള്ളി ജലസേചനപദ്ധതിയും തിരുവലംചുഴി ജലസേചനപദ്ധതിയും സ്തംഭനാവസ്ഥയിലാണ്.
വർഷകാലത്ത് മോട്ടോറുകൾ നിർത്തിയിട്ടശേഷം പിന്നീട് മോട്ടോറുകൾ ഓവറോളിങ് ചെയ്ത് പമ്പിങ് ആരംഭിക്കാൻ വൈകുന്നതാണ് നെൽക്കൃഷി ഉണങ്ങാൻകാരണമായത്.
കൂടാതെ ജലസേചന കനാലുകൾ കാടുപിടിച്ച് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാലും വെള്ളം നിശ്ചിതസ്ഥലങ്ങളിൽ എത്തുന്നില്ല. കുടിവെള്ളപ്രശ്നവും മേഖലയിൽ രൂക്ഷമാണ്.
അൻവർ സാദത്ത് എംഎൽഎ ഇതുവരെ ഗൗരവമായ ഈ പ്രശ്നത്തെ മുൻനിർത്തി ഉദ്യോഗസ്ഥയോഗം വിളിക്കാനോ, പ്രശ്നത്തിൽ ഇടപെടാനോ തയ്യാറായില്ല.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, സി കെ സലിംകുമാർ, ഏരിയ സെക്രട്ടറി കെ പി റെജീഷ്, കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, കെ പി ബിനോയി, ടി ഡി റോബർട്ട്, ജനപ്രതിനിധികളായ കെവി അഭിജിത്, ടി എസ് ജയൻ, എം കെ ലെനിൻ, സവിത നിതീഷ് എന്നിവരും ജില്ലാ സെക്രട്ടറിക്കൊപ്പമുണ്ടായി. ജനകീയപ്രശ്നത്തെ മുൻനിർത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം ഏരിയ കമ്മിറ്റി അറിയിച്ചു.










0 comments