print edition കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദൻ നഗറിൽ (മുല്ലയ്‌ക്കൽ മഹേശ്വരി ഗ്രൗണ്ട്) സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തുന്നു
വി എസ് അച്യുതാനന്ദൻ നഗർ (ആലപ്പുഴ മഹേശ്വരി ഗ്രൗണ്ട്): പുന്നപ്ര– വയലാറിന്റെ വീരസ്‌മരണകൾ ഇരന്പുന്ന മണ്ണിൽ കേരള കർഷകസംഘം 28-–ാമത് സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. ആയിരങ്ങളുടെ ആവേശഭരിതമായ മുദ്രാവാക്യങ്ങളുടെ അകന്പടിയിൽ സ്വാഗതസംഘം ചെയർമാൻ ആർ നാസർ പൊതുസമ്മേളന നഗരിയിൽ പതാകയുയർത്തി.
ഐതിഹാസികമായ സമരചരിത്രം തുടിക്കുന്ന കയ്യൂർ, അമരാവതി എന്നിവിടങ്ങളിൽനിന്നുള്ള കൊടിമര – പതാക ജാഥകൾ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തി. തുടർന്ന് ജനറൽ ആശുപത്രി ജങ്‌ഷനിൽ സംഗമിച്ചശേഷം പ്രകടനമായി പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദൻ നഗറിലെത്തി (ആലപ്പുഴ മഹേശ്വരി ഗ്രൗണ്ട്).
കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണമാരംഭിച്ച കൊടിമരജാഥയുടെ ക്യാപ്‌റ്റൻ എം പ്രകാശനിൽനിന്ന് സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ കൊടിമരം ഏറ്റുവാങ്ങി. അമരാവതി സമരഭൂമിയിൽനിന്ന് കൊണ്ടുവന്ന പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, ക്യാപ്‌റ്റൻ എസ് കെ പ്രീജയിൽനിന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബുവും, പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്റർ) ഉയർത്താൻ കള്ളിക്കാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എത്തിച്ച പതാക ക്യാപ്‌റ്റൻ കെ എച്ച് ബാബുജാനിൽനിന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജനും ഏറ്റുവാങ്ങി.
ദീപശിഖാ പ്രയാണം വെള്ളി രാവിലെ 6.30ന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. ജാഥാ ക്യാപ്‌റ്റൻ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറിന് കർഷകസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷേഖ് പി ഹാരിസ് ദീപശിഖ കൈമാറും.
കിസാൻ സഭാ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ് ഇ പി ജയരാജൻ ദീപശിഖ ഏറ്റുവാങ്ങി സമ്മേളനനഗറിൽ സ്ഥാപിക്കും. രാവിലെ 10ന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കർഷകസംഘം പ്രസിഡന്റ് എം വിജയകുമാർ പതാക ഉയർത്തും. തുടർന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്യും.
സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതംപറയും. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, നേതാക്കളായ ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, എസ് കെ പ്രീജ തുടങ്ങിയവർ പങ്കെടുക്കും. കർഷകസംഘം സെക്രട്ടറി വത്സൻ പനോളി റിപ്പോർട്ട് അവതരിപ്പിക്കും.
വൈകിട്ട് നാലിന് കെ വി രാമകൃഷ്‌ണൻ നഗറിൽ ‘വളരുന്ന സമരങ്ങളും തുറന്നുകാട്ടപ്പെടുന്ന ഭരണകൂടവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. അശോക് ധാവ്‌ളെ ഉദ്‌ഘാടനംചെയ്യും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും.
അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്‌ച പ്രതിനിധി സമ്മേളനം തുടരും. ഞായർ വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.









0 comments