print edition എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി മൂന്നാംതവണയും എൻ ചന്ദ്രശേഖരനെ നിയമിക്കാൻ ഡയറക്‌ടർ ബോർഡ് യോഗം തീരുമാനിച്ചു. വീണ്ടും നിയമനം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ഡയറക്‌ടർമാരെ അറിയിച്ച് ആഴ്ചചകൾക്കകമാണ് അഞ്ചുവർഷത്തേക്ക് വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്.
ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിക്കുമേലുള്ള നിയന്ത്രണ അതോറിറ്റികളുടെ സമ്മർദമാണ് പുനർനിയമത്തിന് കാരണമെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. 2027 ഫെബ്രുവരിയിലാണ് നിലവിലെ കാലാവധി അവസാനിക്കുന്നത്. കമ്പനി ഓഹരിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനും ബോർഡ് അനുമതി നൽകി.
പുനർനിയമന തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റാ ട്രസ്റ്റ്സ് പ്രതികരിച്ചു. ടാറ്റ സൺസിന്റെ 66 ശതമാനത്തോളം ഓഹരി ടാറ്റാ ട്രസ്റ്റ്സിനാണ്. ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റാ നിയമനത്തിനെതിരെ വോട്ടുചെയ്തെന്നും കമ്പനി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം ഭിന്നതയ്ക്ക് വഴിവച്ചെന്നും റിപ്പോർട്ട് പറയുന്നു.
ടാറ്റാ സൺസിന്റെ 18 ശതമാനത്തോളം ഓഹരികൾ കൈവശമുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പ്, തങ്ങളുടെ കടം തിരിച്ചടയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി കമ്പനിയെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യുമ്പോൾ അത് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ)കളിൽ ഒന്നായേക്കുമെന്നാണ് കണക്കാക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ മുന്നേറി.









0 comments