പവർകട്ട്: വിദ്യാർഥിനിയുടെ ഡയറി ചർച്ചയാകുന്നു

ജിയന്ന റൂത്തിന്റെ സംയുക്തഡയറിയിൽ എഴുതിയ കുറിപ്പ്

സ്വന്തം ലേഖകൻ
Published on Sep 18, 2026, 01:36 AM | 1 min read
വരാപ്പുഴ
‘എന്റെ മുഖ്യമന്ത്രി രാത്രിയുള്ള പവർകട്ട് ഒന്ന് ഒഴിവാക്കു. ഞങ്ങൾക്ക് പഠിക്കാൻ ബുദ്ധിമുട്ടാണ്’. ഒന്നാംക്ലാസുകാരി ജിയന്ന റൂത്ത് സ്‌കൂളിലെ സംയുക്തഡയറിയിൽ കുറിച്ച വരികളാണ് ഇവ. മെഴുകുതിരിവെട്ടത്തിൽ പഠിക്കാൻ സാധിക്കാതെ സങ്കടപ്പെട്ടിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രവും ഡയറിയിൽ വരച്ചുചേർത്ത് ജിയന്ന എഴുത്ത് തുടരുകയാണ്.
‘ഇന്ന് ഡയറി എഴുതാൻ ഇരുന്നപ്പോഴേക്കും കറന്റ് പോയി. കറന്റ് വരുന്നതും കാത്തിരുന്ന എനിക്ക് ഉറക്കംവന്നു. എന്നിട്ടും ഞാൻ ബുദ്ധിമുട്ടി എഴുതി തീർത്തു'. കൈതാരം പഴങ്ങാട്ടുവെളി കളത്തിപ്പറമ്പിൽ നിബിൻ ജോർജ്, ഗ്രീഷ്മ ദമ്പതികളുടെ മകളായ ജിയന്ന റൂത്തിന്റെ ഡയറിക്കുറിപ്പ് സ്കൂളിൽ ഏറെ ചർച്ചയായിട്ടുണ്ട്.
കൂനമ്മാവ് സെന്റ് ജോസഫ്സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് ജിയന്ന. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ നടക്കുന്ന പ്രധാന കാര്യങ്ങൾ കുട്ടികളെക്കൊണ്ട് ഡയറിയിലെഴുതിക്കുന്ന പതിവ് സ്കൂളിലുണ്ട്. വീട്ടിലെത്തി ഡയറി എഴുതാനിരുന്നപ്പോഴാണ് പവർകട്ട് മൂലം വൈദ്യുതി നിലച്ചത്. ഇതോടെയാണ് പവർകട്ടിൽ ബുദ്ധിമുട്ടുന്ന വിവരം അന്നത്തെ സംയുക്തഡയറി എഴുത്തിൽ കുറിക്കാൻ കുട്ടി തീരുമാനിച്ചത്.









0 comments