ഇന്ന് ലോക മുള ദിനം
ഇൗ മുളംതണലിൽ ഇത്തിരി നേരം

ഇച്ചന്നൂർ എയുപി സ്‌കൂളിലെ വിദ്യാർഥികൾ മുളം തണലിൽ
കക്കോടി
ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ... ഒ എൻ വി എഴുതിയ വരികളോർത്ത്, മുളംതണലിന് കീഴെ കളിതമാശകൾ പറഞ്ഞിരിക്കുകയാണ് ഇച്ചന്നൂർ സ്‌കൂളിലെ കുരുന്നുകൾ. വെള്ളിയാഴ്‌ച മറ്റൊരു മുളദിനം കൂടെ കടന്നെത്തുന്പോൾ ചേളന്നൂർ ഇച്ചന്നൂർ എയുപി സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികളോട് മുളകളുടെ പ്രാധാന്യത്തെക്കുറിച്ചും സ്‌കൂളിൽ മുളകളെത്തിയ കഥയും പറയും. മുള സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകയായി 15 വർഷങ്ങൾക്കുമുമ്പ് 2011ലെ ലോകമുള ദിനത്തിൽ അന്നത്തെ പ്രധാനാധ്യാപിക ബി ഗീതാകുമാരിയാണ് ആദ്യമായി സ്കൂളിൽ മുള നടുന്നത്. തുടർന്ന് മുളയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പിന്നീട് പ്രധാനാധ്യാപകരായ ടി കെ ബാബുരാജനും കെ സജിനിയും കൂടുതൽ ഇനം മുളകൾ നടുന്നതിന് മുൻകൈയെടുത്തു. മുളം തൈകൾ നനയ്ക്കുന്നതിലും ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിലും വിദ്യാർഥികളാണ് മുന്നിൽ. സ്വർണമുള, ലാത്തി മുള, വേരിഗേറ്റഡ് മുള, കൊക്കമുള, ബുദ്ധമുള, മഞ്ഞമുള, ചെടിമുള, ഓടമുള, പെൻസിൽമുള, വെള്ളമുള തുടങ്ങി ഏറ്റവും വലിയ പുല്ലിനമായ മുളയുടെ നിരവധി വൈവിധ്യങ്ങൾ ഇന്ന് സ്കൂളിലുണ്ട്. പാമരന്റെ മരം, പച്ചസ്വർണം എന്നെല്ലാം അറിയപ്പെടുന്ന മുളകൾ ഇച്ചന്നൂർ സ്കൂൾ അങ്കണത്തിന് ഭംഗി പകരുന്നതോടൊപ്പം കുട്ടികൾക്ക് തണലിടങ്ങളും ഒരുക്കുകയാണ്.









0 comments