ad
Deshabhimani

പ്ലസ്‌ ടു ബാച്ചും പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനവും

തൃത്താല ലീഗ്‌ മണ്ഡലം കമ്മിറ്റിയിൽ 15 പേർ രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2026, 02:00 AM | 1 min read

പ്രത്യേക ലേഖകൻ

പാലക്കാട്‌

കോഴ നൽകിയവർക്ക്‌ പ്ലസ്‌ ടു അധികബാച്ച്‌ അനുവദിച്ചതിലും മന്ത്രിയുടെ സ്‌റ്റാഫാക്കിയതിലും പ്രതിഷേധിച്ച്‌ മുസ്‌ലിം ലീഗ്‌ തൃത്താല മണ്ഡലം കമ്മിറ്റിയിൽനിന്ന്‌ ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവച്ചു. മുസ്ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ്‌ എസ് എം കെ തങ്ങൾ, ജനറൽ സെക്രട്ടറി ടി അസീസ് ഉൾപ്പെടെയുള്ള ഭാരവാഹികളും മണ്ഡലം കമ്മിറ്റിയംഗങ്ങളുമാണ് രാജിവച്ചത്. രാജിക്കത്ത് ജില്ലാ പ്രസിഡന്റ്‌ മരയ്‌ക്കാർ മാരായമംഗലത്തിന് കൈമാറി. ഭരണം കിട്ടിയപ്പോൾ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിലേക്ക്‌ തൃത്താല മണ്ഡലത്തിൽനിന്നുള്ള അഡ്വ. ബഷീറിനെ നിയമിക്കണമെന്ന്‌ കാണിച്ച്‌ ഒന്നാം നന്പറുകാരനായി ജില്ലാ കമ്മിറ്റി ലിസ്‌റ്റ്‌ നൽകിയെങ്കിലും നിയമനം വന്നപ്പോൾ പുറത്തായി. പുതുതായി പ്ലസ്‌ടു ബാച്ച്‌ അനുവദിക്കുന്പോൾ പരുതൂർ ഹൈസ്‌കൂളിന്‌ നൽകരുതെന്ന്‌ രേഖാമൂലം ജില്ലാകമ്മിറ്റിയെ അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ നൽകിയെന്ന കാരണത്താൽ അവർക്ക്‌ പ്ലസ്‌ ടു ബാച്ച്‌ അനുവദിച്ചു. തൃത്താല ബിആർസിയിൽ എം എൻ ന‍ൗഷാദിനെ ബിപിസി ആയി നിയമിക്കണമെന്ന്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും മറ്റൊരാളെ നിയമിച്ചുവെന്നും ആരോപിച്ചാണ്‌ രാജി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറുലക്ഷം രൂപയെകുറിച്ച് നിരന്തരം ചർച്ച ചെയ്‌തെങ്കിലും തുടർ നടപടി ഉണ്ടായില്ല എന്നതും രാജിക്ക് കാരണമായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ സലാം ഉദ്ഘാടനം ചെയ്‌ത മണ്ഡലം പ്രവർത്തക സമിതിയിലാണ്‌ രാജി തീരുമാനം. രാജിയെക്കുറിച്ച് അന്വേഷിക്കാത്ത നേതൃത്വത്തിനെതിരെ ലീഗിൽ അമർഷം പുകയുകയാണ്. കഴിഞ്ഞ അഞ്ച്‌ വർഷം വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയ മണ്ഡലമാണ് തൃത്താല. തുടർന്ന് വരുന്ന പല വികസന പദ്ധതികളും പൂർത്തിയാക്കാത്തതിലും അണികൾക്കിടയിൽ അമർഷമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home