കേന്ദ്രം മുട്ടുമടക്കി
പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി –ക്ക് അംഗീകാരം തിരികെ ലഭിച്ചു

സ്വന്തം ലേഖകൻ
പാലക്കാട്
മൂന്നുവർഷം നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി–ക്ക് ട്രേഡ് യൂണിയൻ അംഗീകാരം തിരികെ ലഭിച്ചു. 2023ൽ ഡൽഹിയിൽ നടന്ന കർഷക സമരത്തിന് സംഭാവന നൽകിയതിന്റെ പേരിലായിരുന്നു തപാൽ വകുപ്പിലെ ഇടതുപക്ഷ സംഘടനയായ എൻഎഫ്‌പിഇയുടെയും അനുബന്ധ സംഘടനയായ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി സംഘടനയുടെയും അംഗീകാരം കേന്ദ്രം എടുത്തുകളഞ്ഞത്. ഇതോടൊപ്പം ബിഎംഎസിനുകീഴിലുള്ള ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷന് മാനദണ്ഡ വിരുദ്ധമായി അംഗീകാരം നൽകുകയും ചെയ്‌തു. ഇതോടെ എൻഎഫ്‌പിഇ ജാർഖണ്ഡ്, ഡൽഹി, കൊൽക്കത്ത, ചെന്നെ ഹൈക്കോടതികളിൽ കേസ് നൽകി. ഇതിൽ ജാർഖണ്ഡ് ഹൈക്കോടതി ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷനും അനുബന്ധ സംഘടനകൾക്കും നൽകിയ അതേ പരിഗണന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി–ക്കും നൽകണമെന്ന് വിധിച്ചു. 2025- ഡിസംബർ ആറിയനായിരുന്നു വിധി. ഇതാണ് കഴിഞ്ഞ ദിവസം തപാൽ മന്ത്രാലയം അംഗീകരിച്ചത്. എൻഎ-ഫ്‌പിഇക്ക് അംഗീകാരം തിരികെ നൽകിയതുമില്ല. ഇടതുപക്ഷ അനുകൂല സംഘടനകൾക്കുമാത്രമാണ് മുന്പ് തപാൽ മേഖലയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. അംഗങ്ങളുടെ എണ്ണമായിരുന്നു കാരണം. തപാൽ വകുപ്പിലെ തലവന്മാരുമായുള്ള കൂടിക്കാഴ്ച, ഓഫീസ് സൗകര്യം, ഏഴ് ഭാരവാഹികൾക്ക് ഓൾ ഇന്ത്യ കോൺഫറൻസ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് 10 ദിവസത്തെ അവധി, രണ്ട് ഭാരവാഹികൾക്ക് സ്ഥലംമാറ്റത്തിൽനിന്നുള്ള സംരക്ഷണം തുടങ്ങിയ അവകാശങ്ങൾ ഇതോടെ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി–ക്ക് ലഭിക്കും.
ആഹ്ലാദപ്രകടനം നടത്തി
പാലക്കാട്
എൻഎഫ്‌പിഇയുടെ അനുബന്ധ സംഘടനയായ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് സി സംഘടനയുടെ അംഗീകാരം തിരിച്ചുകിട്ടിയതിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തി. എൻഎഫ്‌പിഇ പാലക്കാട് തപാൽ സൂപ്രണ്ട് ഓഫീസിനുമുന്നിൽ പ്രകടനവും ധർണയും നടത്തി. ഡിവിഷണൽ പ്രസിഡന്റ് എസ് സുരേഷ്ബാബു അധ്യക്ഷനായി. ഗ്രൂപ്പ് യൂണിയൻ ഡിവിഷണൽ സെക്രട്ടറി ആഷിഫ് റഹ്മാൻ, പോസ്റ്റ്‌മാൻ യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി ശിവദാസ്, ആർ ആനന്ദ്, കെ പി രാകേഷ്, ടി എസ് പരമേശ്വരൻ, കെ പി വിജയ ഗോപാലൻ എന്നിവർ സംസാരിച്ചു.








0 comments