ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ നെട്ടോട്ടത്തിൽ
‘മരവിപ്പിച്ച’ ജീവിതങ്ങൾ

നിധിൻ ഇൗപ്പൻ
പാലക്കാട്
വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ (ബിഎഫ്ഒ) സ്ഥലംമാറ്റ ഉത്തരവ് മൂന്നാംപക്കം മരവിപ്പിച്ചതോടെ പ്രതിസന്ധിയിലായത് 78 ജീവനക്കാർ. സുതാര്യമായി നടപ്പിലാക്കേണ്ട പൊതുസ്ഥലംമാറ്റ പട്ടിക തടഞ്ഞുവച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമെന്ന് ജീവനക്കാർ ആരോപിക്കുന്നു. പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് 11-ന് ഇറക്കിയ ഉത്തരവിൽ ജില്ലയിലെ വിവിധ റേഞ്ചുകളിലാണ് സ്ഥലംമാറ്റം നടന്നത്. എന്നാൽ, 14-ന് ഈ ഉത്തരവ് നടപ്പാക്കരുതെന്ന് കാണിച്ച് ഓഫീസുകളിലേക്ക് അടിയന്തര സന്ദേശം വന്നു. ഒലവക്കോട്, വാളയാർ, ഒറ്റപ്പാലം, മണ്ണാർക്കാട്, നെല്ലിയാമ്പതി, സൈലന്റ് വാലി, പറമ്പിക്കുളം, കരിമല, ഷോളയൂർ, മംഗലം ഡാം, വിജിലൻസ് റേഞ്ച് തുടങ്ങിയ വിവിധ മേഖലകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റമാണ് ഇതോടെ തുലാസിലായത്. നിലവിലെ ഓഫീസുകളിൽനിന്ന് ഔദ്യോഗികമായി വിടുതൽ വാങ്ങി പല ജീവനക്കാരും തിങ്കളാഴ്ച പുതിയ സ്റ്റേഷനുകളിൽ ഹാജരായി. അപ്രതീക്ഷിത ഉത്തരവിൽ പുതിയ സ്ഥലത്ത് ജോയിൻചെയ്തവർപോലും പഴയ ഓഫീസുകളിലേക്ക് തിരികെപേകാൻ നിർബന്ധിതരായി. മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തി പുതിയ സ്ഥലങ്ങളിലേക്ക് കുടുംബസമേതം താമസംമാറിയ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലായി. നിലവിലെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതിലൂടെ സ്വാധീനമുപയോഗിച്ച് അനർഹരായ പലരും മാനദണ്ഡങ്ങൾ ലംഘിച്ച് സൗകര്യപ്രദമായ തസ്തികകളിലേക്ക് മാറ്റം നേടുമെന്ന ആശങ്ക ശക്തമാണ്. സ്ഥലംമാറ്റ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.









0 comments