ഇരുട്ടിലായി കഞ്ചിക്കോട് വ്യവസായ മേഖല

എസ് നന്ദകുമാർ
കഞ്ചിക്കോട്
സർക്കാരിന്റെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിസന്ധിയിലായി കഞ്ചിക്കോട് വ്യവസായ മേഖല. ഇരുപതോളം സ്റ്റീൽ കമ്പനികൾ സ്ഥിതി ചെയ്യുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിൽ 1600 ഡിഗ്രി ചൂടിലാണ് ഇരുമ്പുരുക്ക് പ്രക്രിയ നടക്കുന്നത്. അപ്രഖ്യാപിത പവർകട്ടിൽ ഇവ തടസ്സപ്പെടുമ്പോൾ ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതോടെ ചെറുകിട സ്ഥാപനങ്ങൾക്കും നഷ്ടമേറെയാണ്. ചെറുതും വലുതുമായി എഴുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കഞ്ചിക്കോട് പിവിസി പൈപ്പ്, സ്റ്റീൽ, ഇരുമ്പുരുക്ക് കമ്പനികളിലെ മെഷീനുകളും ഫർണസും ഉൾപ്പെടെയുള്ള യന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു. വൈദ്യുതി മുടങ്ങുന്നതോടെ പ്രവർത്തനം നിലച്ച് വീണ്ടും പ്രവർത്തിക്കുമ്പോൾ കൂടുതൽ ഊർജം വേണ്ടി വരുന്നു. ദിവസംതോറും ലക്ഷക്കണക്കിന് അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും പാഴായി പോകുന്നതും വ്യവസായ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണ്. ഉൽപ്പാദന സമയം നഷ്ടപ്പെടുന്നതിനൊപ്പം തൊഴിലാളികളുടെ ജോലി ക്രമത്തെയും ഇത് ബാധിക്കുന്നു. പവർകട്ട് കാരണം നിലവിൽ പല കമ്പനികളും രാത്രി ഷിഫ്റ്റുകൾ ഒഴിവാക്കി. നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ട ഓർഡറുകൾ വൈകുന്നതും അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിൽ നഷ്ടമുണ്ടാകുന്നതായും വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി തടസ്സം ഒഴിവാക്കാൻ കമ്പനികൾ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരുന്നതോടെ ഇന്ധനച്ചെലവും വർധിക്കുന്നു. പല കമ്പനികളിലും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കിയതോടെ താൽക്കാലിക ജീവനക്കാർ, ദിവസവേതന തൊഴിലാളികൾ എന്നിവർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമാണ്. അടിയന്തരമായി സർക്കാർ ഇടപെട്ട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ പവർ കട്ടിൽനിന്ന് ഒഴിവാക്കണമെന്ന് ഇൻഡസ്‌ട്രീസ് ഫോറം ആവശ്യപ്പെട്ടു.









0 comments