റെയിൽവേ സ്റ്റേഷൻ നിർമാണം
കരാർ മാറ്റം: ഖജനാവിന് നഷ്ടം 100 കോടി

കോഴിക്കോട്
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിനുള്ള കരാർ ഏറ്റെടുത്ത കമ്പനിയെ മാറ്റി പുതിയ നിർമാതാക്കളെ ഏൽപ്പിക്കാനുള്ള ആലോചനക്ക് കോടികളുടെ അധിക ബാധ്യത. നിലവിലുള്ള കരാർ തുകയേക്കാൾ 50മുതൽ 100 കോടിവരെ അധിക ബാധ്യതയുണ്ടായേക്കും. കരാർ റദ്ദാക്കലുണ്ടായാൽ ടീ ടെൻഡർ നടപടികളടക്കം ഏഴുമാസത്തോളം നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുകയുംചെയ്യും. നിർമാണ പ്രവർത്തനം അവസാനിക്കാൻ ഒരുവർഷംമാത്രം ബാക്കി നിൽക്കുമ്പോഴും 20 ശതമാനമേ പൂർത്തീകരിച്ചുള്ളൂ എന്ന സാഹചര്യത്തിലാണ് കരാർ കമ്പനിയായ റാങ്ക് പ്രൊജക്ട്‌സ് ആൻഡ് ഡെവലപ്പേഴ്സിന് റെയിൽവേ ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകിയത്. 50 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. ഇൗ കാലയളവിനുള്ളിൽ വേണ്ടത്ര പുരോഗതിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 15 ദിവസം കൂടുമ്പോൾ റെയിൽവേ ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകിയശേഷം ആദ്യ പരിശോധന കഴിഞ്ഞദിവസം നടന്നു. നേരത്തെയുള്ളതിനേക്കാൾ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. എറണാകുളം നോർത്ത്, കന്യാകുമാരി റെയിൽവേ സ്റ്റേഷനുകളുടെ നിർമാണവും ഏറ്റെടുത്തത് ഇതേ കമ്പനിയായിരുന്നു. നോർത്തിലെ നിർമാണ കരാർ അടുത്തിടെ റദ്ദാക്കി റീ ടെൻഡർ നടപടികളിലേക്ക് കടന്നിരുന്നു. കന്യാകുമാരിയിലും കമ്പനി ടെർമിനേഷൻ നടപടി നേരിടുകയാണ്. മേൽനോട്ടം വഹിക്കുന്നതിൽ റെയിൽവേയ്ക്കും ഗുരുതര വീഴ്ചയുണ്ടായതാണ് പ്രവൃത്തി നീളാൻ കാരണം. കേന്ദ്രസർക്കാരിനും എം കെ രാഘവനടക്കമുള്ള ജനപ്രതിനിധികൾക്കും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. കൃത്യമായ അവലോകനം നടത്തുകയോ നിശ്ചിത സമയത്ത് നിർമാണം പൂർത്തീകരിക്കാനാവശ്യമായ സമ്മർദംചെലുത്തുകയോ ചെയ്യാത്തതാണ് കമ്പനിയുടെ നിരുത്തരവാദ സമീപനത്തിന് കാരണമായത്. കരാർ പ്രകാരം 2027 ജൂണിൽ നിർമാണം പൂർത്തീകരിച്ച് റെയിൽവേക്ക് കൈമാറേണ്ടതാണ്. നിർമാണമാരംഭിച്ച് രണ്ടര കൊല്ലമാകുമ്പോഴും 20 ശതമാനം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. 450 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്.










0 comments