താമരക്കുളത്ത് കെഎസ്‌യു, യൂത്ത് കോൺഗ്രസ് അക്രമം
എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചു

മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകയെ സിപിഐ എം നേതാക്കളായ എം എസ് അരുൺകുമാർ എംഎൽഎ, ബി ബിനു എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
മാവേലിക്കര
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾക്ക് നേരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലം യുഡിഎ-ഫ് സ്ഥാനാർഥിയായിരുന്ന മുത്താര രാജിന്റെ നേതൃത്വത്തിലാണ് അക്രമം. മുത്താര രാജ് പെൺകുട്ടികൾ അടക്കമുള്ള കൊച്ചുകുട്ടികളെ ക്രൂരമായി മർദിച്ചതായാണ് പരാതി. മർദനമേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് പുറത്തേക്കുവന്ന എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർഥികളെയാണ് സ്‌കൂൾ കോമ്പൗണ്ടിന് പുറത്ത് കാത്തുനിന്ന യൂത്ത് കോൺഗ്രസുകാർ മർദിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുത്താര രാജ്, ഷാൻ, റിയാസ്, എം എസ് രോഹിത്, ജിൻസീർ, സജു സലീം, ദേവിക എന്നിവർ ചേർന്നാണ് കുട്ടികളെ മർദിച്ചത്. എസ്എഫ്ഐ പാനലിലെ ചെയർമാൻ സ്ഥാനാർഥി ദേവനെ കെഎസ്‌യു പ്രവർത്തകർ സ്‌കൂളിനകത്ത് മർദിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ ഐഷയുടെ വലത് കൈക്ക് പൊട്ടലുണ്ട്. തോളിനും പരിക്കേറ്റു. പ്ലസ്‌വൺ വിദ്യാർഥി സേതുവിനെ മുളവടികൊണ്ട് അടിച്ചു. എസ്എഫ്ഐ ചാരുംമൂട് ഏരിയ ജോയിന്റ് സെക്രട്ടറി രഹ്‌നയ്‌ക്ക് കൈക്കും തോളെല്ലിനും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ എം എസ് അരുൺകുമാർ എംഎൽഎ, സിപിഐ എം നേതാക്കളായ ബി ബിനു, ജി രാജമ്മ, എസ് പ്രശാന്ത്, എസ് മധുകുമാർ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.









0 comments